ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിൽ വഴിക്കടവിൽ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി ഒ ആർ കേളു. അരമണിക്കൂറോളമാണ് മന്ത്രി ചങ്ങാടത്തിൽ കുടുങ്ങിയത്. പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിക്കൊപ്പം മറ്റ് എൽഡിഎഫ് നേതാക്കളുമുണ്ടായിരുന്നു. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പൊലീസും നാട്ടുകാരും തണ്ടർബോൾട്ട് സംഘവും ചേർന്ന് മന്ത്രിയേയും മറ്റ് നേതാക്കന്മാരേയും കരയ്ക്കെത്തിച്ചത്.
മന്ത്രി ഉള്‍പ്പെടുന്ന പത്തംഗ സംഘം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് പുഞ്ചക്കൊല്ലി കോളനിയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിന്നത്. 2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം തകർന്നശേഷം ആദിവാസി കുടുംബങ്ങൾ പുഴ കടക്കാൻ ഉപയോഗിക്കുന്നത് മുള ചങ്ങാടമാണിത്.