കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനാകില്ലെന്ന തീരുമാനത്തിലുറച്ച് മകള്‍ ആശ ലോറന്‍സ്. പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ആശയും മകനും പാര്‍ട്ടി പ്രവര്‍ത്തകരുമായാണ് വാക്കേറ്റമുണ്ടായത്. ‘അലവലാതി സഖാക്കള്‍ അമ്മയെ തള്ളിയിട്ടെ’ന്നായിരുന്നു ആശയുടെ മകന്റെ പ്രതികരണം. അപ്പന് പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം. ബലപ്രയോഗത്തിലൂടെയാണ് ആശയേയും മകനെയും മാറ്റിയത്.
പൊതുദര്‍ശന ഹാളില്‍ നിന്ന് മാറാന്‍ ആശയും മകനും തയ്യാറായിരുന്നില്ല. എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തീരുമാനമുണ്ടാകും വരെ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മകള്‍ ആശ ലോറന്‍സ് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഹര്‍ജിയില്‍ തീരുമാനം പിന്നീടുണ്ടാകും. എത്രയും വേഗം വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും കോടതി പറഞ്ഞു.