വാഷിങ്ങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ മാസം 13-ന് വാഷിങ്ങ്ടൺ ഡിസിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.ഫ്രാൻസ് സന്ദർശനത്തിനു ശേഷം, ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക.
രണ്ടുദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദർശനവും മറ്റ് ഔദ്യോഗിക പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കാമെന്നാണ് സൂചന.അനധികൃത കുടിയേറ്റം ഉൾപ്പെടുന്ന വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഈ വിഷയത്തിൽ, പ്രധാനമന്ത്രി മോദി ഉചിതമായ തീരുമാനമെടുക്കും എന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരേയുള്ള നടപടിയാണ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്. അനധികൃത കുടിയേറ്റക്കാരെന്ന് തെളിയുന്നവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യയും അറിയിച്ചു.