കൊച്ചി : മലയാള സിനിമയുടെ ആസ്വാദന ഭാവുകത്വം മാറ്റിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മധ്യവര്‍ത്തി സിനിമകളുടെ സംവിധായകന് മോഹന്‍ ( 76 ) അന്തരിച്ചു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
രണ്ട് പെണ്‍കുട്ടികള്‍ പോലുള്ള ചിത്രങ്ങള്‍ ഒരുക്കി അദ്ദേഹം എണ്‍പതുകളില്‍ തന്റേതായ ഒരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിച്ചു .
തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, എ വിന്‍സെന്റ്, മധു, പി.വേണു, ഹരിഹരന് എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് സിനിമയിലേക്കുള്ള വരവ്.
1978 ല്‍ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് ഇരുപത്തിമൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. പി പത്മരാജന്, ജോണ്‍പോള്‍ എന്നിവരുടെ തിരക്കഥകള്‍ക്ക് മോഹന്‍ ദൃശ്യഭാഷ്യമൊരുക്കിയപ്പോള്‍ മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ ലഭിച്ചു.
പത്മരാജനോടൊപ്പം കൊച്ചു കൊച്ചു തെറ്റുകള്‍, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള എന്നീ സിനിമകള്‍ ചെയ്തു. ജോണ്‍പോളിനൊപ്പം കഥയറിയാതെ, വിടപറയും മുമ്പേ, ആലോലം, ഇളക്കങ്ങള്‍, രചന എന്നീ സിനിമകളും സംവിധാനം ചെയ്തു.
മോഹന്‍ പതിമൂന്ന് സിനിമകള്‍ക്ക തിരക്കഥയും രണ്ട് സിനിമകള്‍ക്ക് കഥയും എഴുതിയിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത സിനിമകളില്‍ മിക്കവയും നിരൂപക പ്രശംസ നേടിയവയായിരുന്നു.
വിട പറയും മുമ്പേയിലൂടെ ആദ്യമായി നെടുമുടി വേണു നായകനായി. ഇടവേള എന്ന ചിത്രത്തിലൂടെ ഇടവേള ബാബുവിന് നായകവേഷം നല്കി.
രണ്ടുപെണ്‍കുട്ടികളിലെ നായികയും പ്രശസ്ത നര്‍ത്തകിയുമായ അനുപമയെയാണ് മോഹന്‍ വിവാഹം ചെയ്തത്.
മക്കള്‍ : പുരന്ധര്‍ മോഹന്‍, ഉപേന്ദര്‍ മോഹന്‍.