കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ രണ്ടാം റൗണ്ടിലെ ആദ്യ റേസിലും പ്രകടന മികവ് തുടര്‍ന്ന് ഹോണ്ട റേസിംഗ് ഇന്ത്യ ടീം. ശനിയാഴ്ച നടന്ന എന്‍എസ്എഫ്250ആര് വിഭാഗം ആദ്യ റേസില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍ ഒന്നാമതെത്തി. മൊഹ്സിന്‍ പിന്നാലെ പ്രകാശ് കാമത്ത് രണ്ടാം സ്ഥാനവും എ.എസ് ജെയിംസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആറ് ലാപ്പ് റേസില്‍ തന്റെ ആധിപത്യം തെളിയിച്ചാണ് 22കാരനായ മൊഹ്സിന്‍ 11:24.301 എന്ന മൊത്തം റേസ് സമയത്തില്‍ ഫിനിഷിംഗ് ലൈന്‍ മറികടന്നത്. ഓരോ ലാപ്പിലും കൃത്യമായ ലീഡ് നിലനിര്‍ത്തിയ മൊഹ്സിന്റെ അര്‍പ്പണബോധത്തിന്റെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവായി അദ്ദേഹത്തിന്റെ വിജയം. മലപ്പുറം സ്വദേശിയാണ് മൊഹ്സിന്‍.
ബെംഗളൂരില്‍ നിന്നുള്ള നിന്നുള്ള പ്രകാശ് കാമത്ത് 11:26.095 സമയത്തിലാണ് റണ്ണര്‍അപ്പ് സ്ഥാനം ഉറപ്പിച്ചത്. ബെംഗളൂരിന്റെ തന്നെ 22കാരനായ എ.എസ് ജെയിംസ് 11:26.708 എന്ന മികച്ച റേസ് സമയത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഹൈദരാബാദില്‍ നിന്നുള്ള 19കാരനായ ബീദാനി രാജേന്ദറിന് ഒന്നാം ലാപ്പില്‍ കൂട്ടയിടി കാരണം ഓട്ടം പൂര്‍ത്തിയാക്കാനായില്ല.