ന്യൂഡൽഹി: മാസപ്പടി കേസിൽ സീരിയസ് ഫോർ ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്യുന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി ജൂലായിലാണ് പരിഗണിക്കുക. അതുവരെ തുടർനടപടികൾ നിർത്തിവെക്കണമെന്നും റിപ്പോർട്ട് പുറത്തുവിട്ടവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
കരിമണൽ കമ്പനിയായ സിഎംആർഎൽ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങിന്റെ ബെഞ്ച് വിശദമായി വാദം കേട്ട് ഡിസംബറിൽ വിധിപറയാനായി മാറ്റിവെച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ചന്ദ്ര ധാരി സിങിനെ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ഇതോടെ വിഷയം പുതിയ ബെഞ്ച് തുടക്കം മുതൽ കേൾക്കേണ്ട അവസ്ഥയായി. പുതിയ ബെഞ്ച് വിഷയം കേൾക്കാനിരിക്കെയാണ് സീരിയസ് ഫോർ ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.