കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.സജന(32) മക്കളായ ഗൗതം(8) തേജസ്(4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. സജന ടെറസ്സിലെ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.ഇ.ബി. ചോയ്യംകോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ ടി.എ.രഞ്ജിത്താണ് സജനയുടെ ഭര്‍ത്താവ്. ചൊവ്വാഴ്ച രാവിലെ രഞ്ജിത് പതിവുപോലെ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രഞ്ജിതിന്റെ അച്ഛന് ശിവശങ്കരനും പുറത്തുപോയി. ഈ സമയത്താണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. കിടപ്പുമുറിയിലെ കിടക്കയില്‍ അടുത്തടുത്തായി പുതപ്പിച്ച് കിടത്തിയനിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍. യുവതിയെ ടെറസ്സിലെ ഇരുമ്പ് ഷീറ്റിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കൈഞരമ്പ് മുറിച്ചതിനാല്‍ ശരീരത്തിലും താഴെയും രക്തം പടര്‍ന്നിട്ടുണ്ട്. ഞണ്ടാടിയിലെ പാടിയില്‍ നാരായണന്റെയും ജമുനയുടെയും മകളാണ് സജന. സഹോദരങ്ങള്‍: സനിഷ, സനോജ്