മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം ഇന്ന് തുടങ്ങും. ലോകായുക്ത പൊലീസിന്റെ നാല് സ്പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക. കേസില്‍ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി എം പാര്‍വതി രണ്ടും പ്രതികളാണ്. ഭാര്യാ സഹോദരന് ബി മല്ലികാര്‍ജുന സ്വാമിയാണ് മൂന്നാം പ്രതി. വിവാദ ഭൂമിയുടെ പഴയ ഉടമ എ ദേവരാജ് നാലാം പ്രതിയാണ്.
മൈസൂരു ലോകായുക്ത ഡി വൈ എസ് പി എസ് കെ മല്‍തീഷ്, ചാമരാജ് നഗര്‍ ഡി വൈ എസ് പി മാത്യു തോമസ്, മൈസൂരു പൊലീസ് ഇന്‍സ്പെക്ടര്‍ രവികുമാര്‍, മടിക്കേരി ഇന്‍സ്പെക്ടര്‍ ലോകേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാല് സ്പെഷ്യല്‍ ടീമുകള്‍ അന്വേഷണം നടത്തുമെന്ന് മൈസൂരു ലോകായുക്ത എസ് പി ടി ജെ ഉദേഷ് അറിയിച്ചു.
ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി യുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കര്‍ണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.