തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കൊല്ലം എംഎൽഎ മുകേഷ് രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ചരിത്രത്തിൽ ആദ്യമായി സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാരാണ് എൽഡിഎഫെന്നും മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
സംഭവത്തിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഒരു അന്വേഷണ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചുവെന്നും സിപിഎമ്മിന്റേത് സ്ത്രീപക്ഷ നിലപാടാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
മുകേഷ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുൻപ് ഇത്തരത്തിൽ കേസെടുത്ത കോൺഗ്രസ് എംഎൽഎമാർ എന്തു ചെയ്തുവെന്ന് ഇ.പി.ജയരാജൻ ചോദിച്ചു.
എൽദോസ് കുന്നപ്പിള്ളി, എം.വിൻസെന്റ് എംഎൽഎമാരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുകേഷിന്റെ രാജി എന്ന ആവശ്യത്തെ ജയരാജൻ തള്ളിയത്. കോൺഗ്രസ് എംഎൽഎമാർ രാജിവയ്ക്കാത്ത പശ്ചാത്തലത്തിൽ, മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും ജയരാജൻ പ്രതികരിച്ചു.
സിനിമാ രംഗത്തെ സംശുദ്ധമാക്കണം എന്നു തന്നെയാണ് എൽഡിഎഫിന്റെ തീരുമാനം. അതിന് മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ സർക്കാർ നടപടിയെ പ്രശംസിക്കുകയാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയല്ലോ എന്ന ചോദ്യത്തിന് സിപിഐയുെട കാര്യം സിപിഐയോട് ചോദിക്കണമെന്നായിരുന്നു ജയരാജന്റെ മറുപടി.
കേസെടുത്തതിനു പിന്നാലെ മുകേഷിനെ കാണാനില്ലെന്നാണ് ആരോപണമെന്ന ചോദ്യത്തിന്, അക്കാര്യം മുകേഷിനോട് ചോദിക്കണമെന്നും ഇവർ എവിടെയൊക്കെ പോകുന്നു എന്നത് നോക്കുകയല്ല തന്റെ ജോലിയെന്നും ജയരാജൻ പറഞ്ഞു. തെറ്റ് ചെയ്ത ആളെ സിപിഎം സംരക്ഷിക്കില്ല. ഇരയെ രക്ഷിക്കാനല്ല, വേട്ടക്കാരനൊപ്പം നിൽക്കാനാണ് മാധ്യമങ്ങള് ശ്രമിക്കുന്നത്. വിഷയത്തിൽ മാതൃകാപരമായ നടപടി എടുക്കുമെന്നും കാത്തിരിക്കൂവെന്നും ജയരാജൻ പറഞ്ഞു.