കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാറിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി മെയ് 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർജിയുമായി സർക്കാർ രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറയുന്നത്.
നേരത്തെ വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിൽ ജുഡീഷ്യൽ കമ്മീഷന് നിയമനം റദ്ദാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തവ് ചോദ്യം ചെയ്താണ് സർക്കാറിന്റെ ഹർജി. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹർജിക്കാരെന്നതിനാൽ ഹർജി തന്നെ നിലനിൽക്കില്ലെന്നാണ് സർക്കാർ വാദം. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി.