ദിനംപ്രതി ചൂടേറുകയാണ് വഖഫ് ഭൂമിയുടേയും, 610 കുടുംബങ്ങളുടേയും പ്രശ്നം. മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് തന്നെയാണ് സിഎല്‍സി സംസ്ഥാന കമ്മിറ്റി അറിയിച്ചിരിക്കുന്നതും. സമരവും ചര്‍ച്ചകളുമങ്ങനെ തുടരുകയാണ്. ജനകീയ സമരം ആരംഭിച്ചിട്ട് 41 ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍, ഇന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ സമരസമിതി നേരിട്ട് കണ്ടപ്പോള്‍ ലഭിച്ച അനൂകൂലമായ മറുപടികളുടേയും തീരുമാനമുണ്ടാകുമെന്ന ഉറപ്പും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതുകൊണ്ടുതന്നെ ഈ യോഗത്തെയും സമരസമിതി പോസിറ്റീവായിട്ടാണ് കാണുന്നത്. ഒപ്പം റവന്യൂ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുമെന്ന ആവശ്യവുമായി ഒരു ലക്ഷം പേരുടെ ഒപ്പുകളോടെ മുഖ്യമന്ത്രിക്കു നിവേദനം നല്കുന്ന പരിപാടിക്കും തുടക്കം കുറിച്ചിരിക്കുകയാണ് ജനങ്ങള്‍.
എങ്കില്‍ തന്നെയും ഈ ഒരു ഘട്ടത്തില്‍ സമരം അവസാനിപ്പിക്കുന്ന കാര്യം അവരുടെ പരിഗണനയിലില്ല. റവന്യൂ ഉടമസ്ഥത പുനഃസ്ഥാപിച്ചുകിട്ടുക എന്നതാണ് പ്രധാന ലക്ഷ്യമെങ്കിലും അതിന് ഏറെകടമ്പകള്‍ കടക്കാനുണ്ടെന്ന വസ്തുത ജനങ്ങള്‍ക്കടക്കം അറിവാവുന്നതിനാല് അതുവരെ സമരം തുടരുകയെന്നതുതന്നെയാണ് ലക്ഷ്യം.
വഖഫ് ട്രൈബ്യൂണല്‍ തീരുമാനവും, ഹൈക്കോടതി തീരുമാനവും എത്തിയെങ്കില്‍ മാത്രമേ സര്‍ക്കാരിന് റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സമരം തുടരുകതന്നെ ചെയ്യുമെന്ന് സമരസമിതി വ്യക്തമാക്കിയിരിക്കുന്നതും. ഇന്നത്തെ യോഗത്തില്‍ പ്രധാനമായും കൈവശാവകാശ രേഖയുള്ളവര്‍ കുടിയിറങ്ങേണ്ടിവരില്ലായെന്നും അവര്‍ക്ക് അവിടെ താമസിക്കാനുള്ള അവകാശം സര്‍ക്കാര്‍ ഉറപ്പു നല്കുന്ന ഒരു തീരുമാനം ലഭിക്കുമെന്നുതന്നെയാണ് സമരമിതിയുടേയും ജനങ്ങളുടേയും ഉറച്ച വിശ്വാസം.
ഭൂമിയിലെ വഖഫ് അവകാശവാദം ഇവിടുള്ള കുടുംബങ്ങളെ കുടിയിറക്ക് ഭീഷണിയിലേക്ക് തന്നെയാണ് തള്ളിയിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണം കൊടുത്ത് സ്വന്തമാക്കിയ തങ്ങളുടെ ഭൂമി കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് ഓരോ കുടുംബവും. കാലങ്ങളായി തുടരുകയാണ് ഈ നിയമപോരാട്ടം. അതുകൊണ്ടുതന്നെ ഇത്തവണയെങ്കിലും ഈ സമരത്തിലൂടെയെങ്കിലും ലക്ഷ്യം കാണണമെന്നതാണ് ജനങ്ങളുടെ തീരുമാനം.
സ്വന്തം ഭൂമി പണയപ്പെടുത്തി ജീവിച്ചും ജീവിതമാര്ഗങ്ങള് കണ്ടെത്തുകയും ചെയ്തിരുന്നവര്ക്കിപ്പോള് ഭൂമി വില്‍ക്കാനോ ഒന്ന് പണയം വെയ്ക്കാനോ പോലും കഴിയാത്ത ദുരവസ്ഥയാണുള്ളത്. മാത്രമല്ല ധനകാര്യ സ്ഥാപനങ്ങളൊന്നുംതന്നെ ആ സ്ഥലത്തിന്റെ ആധാരത്തിന് പേപ്പറിന്റെ വില പോലും നല്‍കുന്നില്ലായെന്നതാണ് അവിടുത്തെ ജനങ്ങളെ ഏറ്റവും ദുഃഖത്തിലാക്കുന്നത്.
ജീവിതസാഹചര്യങ്ങള്‍ പൂര്‍ണമായും മുടങ്ങിയ സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. അത് വിവാഹമാകട്ടെ വിദ്യാഭ്യാസമാകട്ടെ ചികിത്സയാകട്ടെ എല്ലാ മേഖലയ്ക്കും ഫുള്‍സ്റ്റോപ്പ് വന്ന അവസ്ഥ. മുന്നോട്ടുള്ള ജീവിത മാര്‍ഗങ്ങള്‍ പൂര്‍ണ്ണമായും നിലച്ച, അല്ലെങ്കില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ് അവര്ക്കുമുന്പില്. അതുകൊണ്ടുതന്നെ സമരം തുടരുകയെന്നൊരു ഓപ്ഷന് മാത്രമേ അവര്ക്കുമുന്പിലുള്ളൂ എന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.
മനുഷ്യവകാശ പ്രശ്നമെന്ന നിലയില്‍ മുനമ്പത്തുകാര്‍ക്ക് കരം അടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നല്‍കിയെങ്കിലും വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കോടതി സ്റ്റേ നല്‍കിയതോടെയാണ് ഭൂമിയുടെ ക്രയവിക്രയവും പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ പോലുംപറ്റാത്ത സ്ഥിതിയും അവിടുള്ളവര്‍ക്ക് വന്നുചേരുന്നത്.
‘അമരന്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാര്‍ത്ഥി
എസ്ഡിപിഐയും പിഡിപിയും ഒഴിച്ചുള്ള മുസ്ലീം രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുനമ്പത്ത് നിന്ന് ഒരാളെയും കുടിയൊഴിപ്പിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന വ്യക്തമാക്കിയിട്ടും സര്‍ക്കാരും പ്രതിപക്ഷവും സമാന നിലപാടിനൊപ്പം നിന്നിട്ടും ഇതുവരെ പ്രശ്നപരിഹാരമാകാതെ മുനമ്പം വാര്‍ത്തകളില്‍ നിറയുകയാണ്.
ഇന്നത്തെ പ്രശ്നപരിഹാരചര്ച്ചയിലൂടെയെങ്കിലും അവിടുത്തെ കുടുംബങ്ങള്‍ക്ക് ആശ്വസിക്കാനുള്ള വക ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.