ഉരുള്‍പൊട്ടല്‍ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്.
ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുന്ന സംഘം ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും.
പുഞ്ചിരിമട്ടം മുതല്‍ ചാലിയാര്‍ വരെയുള്ള പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേര്‍ന്നുള്ള പരിശോധന തുടരും. ചാലിയാറില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചില്‍. രാവിലെ ഏഴ് മണിക്കാണ് തെരച്ചില്‍ തുടങ്ങുക.ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍പാറ വരെ വനത്തിനുള്ളില്‍ 15 പേര് അടങ്ങുന്ന ഗ്രൂപ്പ് ആയി തെരച്ചില്‍ നടത്തും. ചാലിയാറിന്റെ ഇരുകരകളിലുമായി താഴെ പൂക്കോട്ടു മണ്ണകടവ് വരെയും തെരച്ചില്‍ നടത്തും.