കൊച്ചി: നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് സെക്യേര്‍ഡ്, റിഡീമബിള്‍ വിഭാഗത്തില്‍ പെട്ട 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) 17ാമത് ട്രാഞ്ച് രണ്ട് സീരീസിലൂടെ 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാവും ഇതിന്റെ മൊത്തം പരിധി.
75 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 175 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാവും ആകെ 250 കോടി രൂപ ശേഖരിക്കുക. 1000 രൂപ വീതം മുഖവിലയുള്ള ഈ എന്‍സിഡികള്‍ 2024 ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 24 വരെയാവും പൊതുജനങ്ങള്‍ക്കു വാങ്ങാനാവുക.
കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റേയോ ഓഹരി അനുവദിക്കല്‍ കമ്മിറ്റിയുടേയോ തീരുമാനമനുസരിച്ചും സെബിയുടെ 33എ റെഗുലേഷന് അനുസരിച്ചുള്ള ആവശ്യമായ അനുമതികളുടെ അടിസ്ഥാനത്തിലും ഇതു നേരത്തെ തന്നെ അവസാനിപ്പിക്കാനും സാധിക്കും.

ട്രാഞ്ച് രണ്ട് സീരീസിന് കീഴിലുള്ള ഈ എന്‍സിഡികള്‍ 24, 36, 60, 72, 92 മാസ കാലാവധികള്‍ ഉള്ളതും പ്രതിമാസ, വാര്‍ഷിക രീതികളിലോ അല്ലെങ്കില്‍ കാലാവധിക്കു ശേഷമോ വരുമാനം നല്‍കുന്നതും ആയിരിക്കും. ഇവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പു നടത്താം.
9 ശതമാനം മുതല്‍ 10.10 ശതമാനം വരെ ഫലപ്രദമായ വാര്‍ഷിക വരുമാനമാണ് ഉണ്ടാകുക. ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങാണ് ഇതിനുള്ളത്. (സ്ഥിരതയുള്ള പ്രകടനമാണ് ക്രിസിലിന്റെ ഡബിള്‍ എ മൈനസ് റേറ്റിങ് സൂചിപ്പിക്കുന്നത്.)
ബിഎസ്ഇയുടെ കടപത്ര വിപണി വിഭാഗത്തില്‍ ഇതു ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടര്‍ വായ്പ, ഫിനാന്‍സിങ്, കമ്പനിയുടെ നിലവിലുള്ള വായ്പാ തുകയും പലിശയും തിരിച്ചടക്കല്‍, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.
തങ്ങളുടെ നിക്ഷേപകര്‍ക്ക് സുരക്ഷിത നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കുന്ന എന്‍സിഡികളുടെ പുതിയ സീരീസ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ രാജ്യത്തെ 3700-ല്‍ പരം ബ്രാഞ്ചുകള്‍ വഴിയോ വീട്ടിലിരുന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ എന്ന തങ്ങളുടെ മൊബൈല്‍ ആപ്പു വഴിയോ അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപം നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി