കൊച്ചി: രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് മുത്തൂറ്റ് മൈക്രോഫിന്‍ 13 സംസ്ഥാനങ്ങളിലെ 29 ഇടങ്ങളിലായി തൊഴില്‍ മേളകള്‍ നടത്തുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയും രാജ്യവ്യാപകമായി സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴില്‍ മേളകള്‍ നടത്തുന്നത്.
റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് മാനേജര്‍, ബാഞ്ച് ക്രെഡിറ്റ് മാനേജര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ 1500ലധികം തൊഴിലുകള്‍ സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം തമിഴ്നാട്ടിലെ തിരുപ്പൂര്‍, പുതുക്കോട്ടൈ, ഈറോഡ്, മണപ്പാറ, തിരുവാരൂര്‍, ചെങ്കല്‍പട്ട്, തിരുനല്‍വേലി, തിരുവണ്ണാമലൈ, അരിയല്ലൂര്‍, വടല്ലൂര്‍, വിരുദുനഗര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും.
ബീഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, കേരളം, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന് എന്നിവിടങ്ങളില്‍ നടത്തിയ തൊഴില്‍ മേളകളില്‍ ഇതുവരെ മൂവായിരത്തിലധികം പേര് പങ്കെടുത്തു. തിരഞ്ഞെടുക്കുന്നവര്‍ക്ക് അന്നേ ദിവസം തന്നെ ഓഫര്‍ ലെറ്ററും നല്‍കും.
തങ്ങളുടെ തൊഴില്‍ മേളകള്‍ കേവലം തിരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ലെന്നും ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദഫ് സയീദ് പറഞ്ഞു. 2024-25 വര്‍ഷത്തെ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന വികസിത ഭാരത് സങ്കല്പ്പത്തിന് അനുസൃതമായാണ് മുത്തൂറ്റ് മൈക്രോഫിന്‍ തൊഴില്‍ മേളകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വരും മാസങ്ങളില്‍ മുത്തൂറ്റ് മൈക്രോഫിന്‍ തൊഴില്‍ സംരംഭങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.