പി.ആർ സുമേരൻ
ലിവിംഗ് ടുഗദറായിരുന്നു എന്റെ ആദ്യ ചിത്രം. അതിനു മുമ്പ് ലാല്‍ജോസ് സാറിന്റെ കേരളാ കഫേയില്‍ ‘പുറം കാഴ്ചകള്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതില്‍ ഒന്നുരണ്ട് സെക്കന്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെ യാദൃശ്ചികമായാണ് സിനിമയുടെ വഴിയിലേക്ക് വരുന്നത്. മലയാളത്തിലെക്കാളും കൂടുതല്‍ തമിഴ് സിനിമകളിലാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്.
ഇപ്പോഴും തമിഴില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. തമിഴില്‍ കൂടുതല്‍ സജീവമായതുകൊണ്ട് മലയാളത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് പലരും ഞാന്‍ മലയാളം വിട്ടു എന്നുവരെ പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെയല്ല. ഞാന്‍ സിനിമയില്‍ വളരെ സജീവമാണ്. തമിഴില്‍ അവസരം ഉള്ളതുകൊണ്ട് അത് ചെയ്യുന്നു എന്നുമാത്രമേയുള്ളൂ.
മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുമ്പോള്‍ തീര്‍ച്ചയായും അത് സ്വീകരിക്കാറുണ്ട്. മലയാളത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടത് ‘സു…. സു… സുധി വാത്മിക’ത്തിലാണ്. എന്റെ കരിയറിലെ വലിയൊരു മാറ്റമായിരുന്നു ആ ചിത്രം. കല്ല്യാണി എന്ന ചിത്രത്തിലെ പേര് പലരും എന്നെ ഇപ്പോഴും വിളിക്കാറുണ്ട്. ഞാനും വളരെയധികം ഇഷ്ടപ്പെട്ട പേരാണ് കല്ല്യാണി.
ആ ചിത്രത്തിന് ശേഷം ജയസൂര്യയ്ക്കൊപ്പം ‘ഇടി ‘എന്ന സിനിമയിലും അഭിനയിച്ചു. രണ്ട് ചിത്രങ്ങളിലും ജയേട്ടനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കല്ല്യാണിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇടിയിലെ ‘നിത്യ.’ ഒരുപാട് ആക്ഷന്‍ സീനുകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. നാലഞ്ച് പേരെ ഞാന്‍ ഇടിച്ച് തെറിപ്പിക്കുന്ന സീനുകള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു.
ആദ്യം അല്പം പേടിയുണ്ടായിരുന്നു. പിന്നെ ജയേട്ടനൊക്കെ നല്ല സപ്പോര്‍ട്ട് നല്‍കിയതോടെ കണ്ണുമടച്ച് അഭിനയിച്ചു. എന്തായാലും ആ ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചു. അതില്‍ അഭിനയിക്കുമ്പോഴാണ് ഞാന്‍ ഏറ്റവും അധികം നടന്മാരെ ബഹുമാനിച്ചത്. ഒന്ന് രണ്ട് ഇടിസീനുകളില് അഭിനയിച്ചപ്പോഴെ ഞാനാകെ തളര്‍ന്നുപോയി. അപ്പോള്‍ നമ്മുടെ ലാലേട്ടനും പൃഥ്വിരാജുമൊക്കെ ഇടി സീനുകളില്‍ അഭിനയിക്കുന്നതുകണ്ട് അത്ഭുതം തോന്നുകയാണ്.
തമിഴില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരം സീനുകളില്‍ ആദ്യമായിരുന്നു. അതെല്ലാം വളരെ നന്നായി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. വീട്ടുകാരുടെയും ദൈവത്തിന്റെയും സപ്പോര്‍ട്ടുള്ളതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ അഭിനയിക്കാന്‍ കഴിയുന്നു.
അച്ഛന് ചെന്നൈയിലായിരുന്നു ജോലി. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ട്രിച്ചിയിലായിരുന്നു. പത്താംക്ലാസിന് ശേഷമാണ് കേരളത്തിലേക്ക് വന്നത്. അങ്കമാലിയിലായിരുന്നു അമ്മയുടെ വീട് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് ഞാന്‍ പഠിച്ചത്. അവിടെനിന്ന് ഒരിക്കല്‍ ഊട്ടിയില്‍ ടൂറ് പോയപ്പോള്‍ ഊട്ടിയില്‍ വെച്ച് കിലുക്കം കിലുകിലുക്കം എന്ന ഷൂട്ടിംങ് ലൊക്കേഷനില്‍ വെച്ചാണ് ജയസൂര്യയെ ഞാന്‍ കാണുന്നത്.
അന്ന് ജയേട്ടനോടൊപ്പം ഞങ്ങള്‍ കൂട്ടുകാര്‍ ഫോട്ടോയെടുത്തു. പിന്നെ സു…. സു…. സുധി വാത്മീകത്തില്‍ ജയേട്ടന്റെ നായികയായി ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ എന്റെ പഴയ കൂട്ടുകാരി ആ ഫോട്ടെ ഫെയ്സ് ബുക്കിലിട്ടു ആ സമയത്ത് അത് വലിയ ചര്‍ച്ചയായിരുന്നു. ഇങ്ങനെ സിനിമയില്‍ എനിക്ക് വളരെ കുറച്ച് കാര്യങ്ങളേ ഉള്ളൂ.
സുഹൃത്തുക്കളും വളരെ കുറവാണ്. നമ്മളെ തേടിവരുന്ന സിനിമകള്‍ നന്നായി ചെയ്യണം എന്നുമാത്രമേയുള്ളൂ. ദൈവാനുഗ്രഹത്താല്‍ അതിനുള്ള അവസരമുണ്ട്. കുടുംബത്തിന്റെ സപ്പോര്‍ട്ടാണ് ഏറ്റവും വലുത്.
ഇഷ്ടതാരം മഞ്ജുച്ചേച്ചി
ഞാന്‍ ഏറ്റവും അധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് മഞ്ജു വാര്യരെയാണ്. ഒരുപക്ഷേ അവര്‍ ചെയ്ത കഥാപാത്രങ്ങള്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ടാവാം. പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല മഞ്ജുച്ചേച്ചിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. പിന്നെ ലാലേട്ടനെയും മമ്മൂക്കയേയും വലിയ ആരാധനയോടെയാണ് ഞാന്‍ കാണുന്നത്. അവരെ ഇഷ്ടമാണെന്ന് പറയാനുള്ള യോഗ്യത എനിക്കില്ല.
പാചകം ഇഷ്ടമാണ്
വെജിറ്റേറിയന്‍ ഫുഡുകളോടാണ് എനിക്ക് താല്പര്യം. പണ്ടൊക്കെ നോണ്‍വെജ് കഴിക്കാറുണ്ടായിരുന്നു ഇപ്പോള്‍ തീരെയില്ല. കേരളീയ ഭക്ഷണം ഉണ്ടാക്കാന്‍ എനിക്ക് നന്നായി അറിയാം. സാമ്പാറും കാളനും എരിശ്ശേരിയുമൊക്കെ നന്നായി ഉണ്ടാക്കും. സമയം കിട്ടുമ്പോഴെല്ലാം പാചകം ചെയ്യും.
നൃത്തമാണ് പ്രധാനം
ഹെല്‍ത്ത് ക്ലബില്‍ പോകുകയോ ജിമ്മില്‍ പോകുകയോ ഒന്നുമില്ല. ഡാന്‍സാണ് പ്രധാനം. ഭരതനാട്യം പഠിക്കുന്നുണ്ട്. ഡാന്‍സ് പതിവായി ചെയ്യുന്നതുകൊണ്ട് വേറെ എക്സര്‍സൈസ് ഒന്നുമില്ല. ഇടയ്ക്ക് സൂര്യനമസ്ക്കാരം ചെയ്യാറുണ്ട്. ഇപ്പോൾ തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്.