കൊച്ചി: മന്ത്രി പി രാജീവ് റംസാൻ ആഘോഷങ്ങളുടെ ഭാഗമായി കളമശ്ശേരി നിയോജകമണ്ഡലത്തിലെ പള്ളികളിൽ ഈന്തപ്പഴ പാക്കറ്റ് എത്തിച്ചു നൽകിയത് വിവാദമായിരുന്നു. ഇത്തരത്തിൽ കളമശ്ശേരി കുസാറ്റിന് സമീപത്തുള്ള പള്ളിയിൽ എത്തിച്ചു നൽകിയ ഈന്തപ്പഴ പാക്കറ്റ് സമരം ചെയുന്ന ആശാപ്രവർത്തക്കാർക്ക് പെരുനാൾ ദിനത്തിൽ എത്തിച്ചു നൽകി അൽഹുദാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും എൻസിപി സംസ്ഥാന പ്രസിഡന്റുമായ എൻ എ മുഹമ്മദ് കുട്ടി.
വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി സമ്മാനപ്പൊതി എത്തിച്ചു നൽകേണ്ട ദിനമല്ല ചെറിയപെരുന്നാൾ ദിനമെന്നും ഭക്ഷണം കഴിക്കുവാൻ വകയില്ലാത്തവർക്ക് അത് നൽകുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഇത്രയും അധികം പള്ളികളിലേക്ക് ഈന്തപ്പഴം എത്തിക്കുന്നതിന് പണം എവിടെ നിന്നാണെന്ന് മന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതാക്കൾ മുഖാന്തരം ആണ് ഈന്തപ്പഴം സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാപ്രവർത്തകർക്ക് എത്തിച്ചത്.