എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമല്ല അതിനാൽ അക്കാര്യം കൂടി കോടതിയെ ബോധ്യപ്പെടുത്തുമെന്ന് കുടുംബം വ്യക്തമാക്കി. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയായത്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പി പി ദിവ്യ പാര്‍ട്ടിയില്‍ ശക്തയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷന് വാദം ഉന്നയിച്ചത്.
വിധി പ്രതീഷിച്ചില്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. രണ്ടുദിവസത്തിനകം കുടുംബത്തിന്റെ മൊഴിയെടുക്കാനാണ് തീരുമാനം. പത്തനംതിട്ടയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം രംഗത്തെത്തിയിരുന്നു .എന്നാൽ പാർട്ടി നടപടികളെ കുറിച്ച് ദിവ്യ ഒന്നും പ്രതികരിച്ചിട്ടില്ല.