പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണം കടുപ്പിച്ച് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാറുമായ മഞ്ജുഷ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണവും അവര്‍ തളളി. സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീന്‍ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പ്രതികരിച്ചു.
കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീന്‍ ബാബുവിനില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനമാണെന്നും വീട്ടിലേക്ക് വരുന്നതില്‍ താത്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പ്രതികരിച്ചു. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമാണ് കളക്ടര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.