ന്യൂഡൽഹി : ഹരിയാന തെരഞ്ഞെടുപ്പിന്റെ ഫലം അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻ.സി.പി തലവൻ ശരദ് പവാർ. കേന്ദ്രഭരണ പ്രദേശം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിയതിനാൽ ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തിന്റെ വീക്ഷണകോണിൽ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ ‘ലേഡി ഓഫ് ജസ്റ്റിസ്’ പ്രതിമ അനാച്ഛാദനം ചെയ്തതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പുതിയ ദിശ കാണിച്ചു. – പവാർ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇൻഡ്യാ ബ്ലോക്കിന്റെ തന്ത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആ സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. അവർക്ക് അധികാരം നിലനിർത്താൻ കഴിഞ്ഞുവെന്നായിരുന്നു മറുപടി.
‘ഞങ്ങൾ ഹരിയാനയെക്കുറിച്ച് പഠിക്കുകയാണ്. ഹരിയാന ഫലം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തുമെന്ന് കരുതുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായുണ്ടായിരുന്നതിന് പകരം തുറന്ന കണ്ണുകളും വാളിന് പകരം കയ്യിലിരിക്കുന്ന ഭരണഘടനയും ഉൾക്കൊള്ളുന്ന ‘ലേഡി ഓഫ് ജസ്റ്റിസ്’ എന്ന പ്രതിമ സുപ്രീംകോടതിയിൽ അനാച്ഛാദനം ചെയ്തതിനെകുറിച്ച് ‘ഇങ്ങനെയൊരു ചിന്ത രാജ്യത്ത് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതിനാൽ ഒരു പുതിയ ദിശയാണ് ചീഫ് ജസ്റ്റിസ് കാണിച്ചുതന്നതെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടു. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. ഫലം നവംബർ 23ന് പ്രഖ്യാപിക്കും.