രാജേഷ് തില്ലങ്കേരി
നെറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് കണ്ടെത്തിയ കേന്ദ്ര ഏജന്‍സിയെ മറ്റൊരു ഏജന്‍സി തിരുത്തിയത് ഏറ് ദുരൂഹതകളുയര്‍ത്തുന്നു.പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളെഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കി മൂന്നാഴ്ച പിന്നിടുമ്പോഴാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന വാദവുമായി സി.ബി.ഐ രംഗത്തെത്തിയത്. സി ബി ഐ യുടെ കണ്ടെത്തല്‍ രാഷ്ട്രീയമായ ഇടപെടല്‍ നടന്നെന്ന ആരോപണത്തിന് ആക്കം കുട്ടുന്നുതാണ്.
നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന സംശയത്താലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്ന്നതല്ലെന്നുള്ള വാദമാണ് സി ബി ഐ തീരുമാനം പുനഃപ്പരിശോധിക്കുമോ എന്നതാണൊന് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന് (ഐ 4 സി) കീഴിലുള്ള നാഷണല്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചന ആദ്യം യു.ജി.സി.ക്ക് നല്‍കിയത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ യു ജി സി തീരുമാനിച്ചത്.
സി.ബി.ഐ.യുടെ പുതിയ കണ്ടെത്തല്‍ പ്രകാരം പരീക്ഷയുടെ ആദ്യ സെഷന് കഴിഞ്ഞയുടന്‍ ടെലിഗ്രാമില്‍ ഒരു വിദ്യാര്‍ഥി പങ്കുവെച്ച ചോദ്യപ്പേപ്പറിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത മറ്റൊരു സ്കൂള്‍ വിദ്യാര്‍ഥി ആപ്പിന്റെ സഹായത്തോടെ പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നാണ് സി ബി ഐയുടെ വാദം. ചോദ്യപേപ്പറിലെ ഡേറ്റ് ജൂണ്‍ 18 എന്നത് 17 എന്നാക്കി തിരുത്തിയ ശേഷം നേരത്തേ ചോര്‍ന്നുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് സിബിഐ റിപ്പോര്‍ട്ട്.
അങ്ങിനെയെങ്കില്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ സൈബര്‍ ക്രൈം അനലിറ്റിക്കല്‍ വിങ്ങിന് അത് മനസ്സിലാക്കാനാവാതിരുന്നതെന്തേ എന്ന ഗൗരവമായ ചോദ്യമാണ് ഉയരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ശക്തമായൊരു ഏജന്‍സി ഇത്രയും ദുര്‍ബലമായൊരു അന്വേഷണം നടത്തുമോ എന്ന മറുചോദ്യമാണ് നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചപോലുള്ള ഏറ്റവും ഗൗരവതരമായൊരു സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ തന്നെയുള്ള രണ്ട് ഏജന്‍സികള്‍ രണ്ട് നിലപാട് എടുക്കുന്നത് അത്ഭുതകരമാണ്. സി ബി ഐ. സ്വതന്ത്ര ഏജന്സിയാണെങ്കില്പ്പോലും, കോടതിയെ സമീപിച്ചാല്‍ വന്‍ വിവാദമായേക്കാവുന്ന വിഷയമായി ഇത് മാറും. രാഷ്ട്രീയമായും നിരവധി ചോദ്യങ്ങളുയര്ത്താവുന്ന വിഷയമായി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച മാറും. മറ്റൊന്ന്, ചോദ്യപ്പേപ്പര്‍ ചോരാതെയാണ് പരീക്ഷ റദ്ദാക്കിയതെന്ന സി.ബി.ഐ. വാദം അംഗീകരിക്കപ്പെടുകയാണെങ്കില്‍ പരീക്ഷ റദ്ദാക്കിയതിനെതിരേ വിജയിക്കുമെന്നുറപ്പുള്ള വിദ്യാര്‍ഥികള്‍ക്ക് കോടതിയില്‍ പോകാമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏഴു മുതല്‍ 11 ശതമാനം വരെയാണ് യു.ജി.സി. നെറ്റ് വിജയ നിരക്ക്. ഇതനുസരിച്ച് ഇത്തവണ പരീക്ഷ എഴുതിയ 11.21 ലക്ഷം വിദ്യാര്‍ഥികളില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിജയ പട്ടികയില്‍പ്പെടും. ഇവര്‍ക്ക് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ല യു.ജി.സി. തീരുമാനമെടുത്തത് എന്നാരോപിച്ച് കോടതിയില്‍ പോകാന്‍ പറ്റുമെന്ന് പ്രമുഖ അഭിഭാഷകന് കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി. വിദ്യാര്ഥികള്ക്കതിന് അവകാശമുണ്ടെന്നും സര്‍ക്കാരും യു.ജി.സി.യും തെറ്റായ തീരുമാനമാണെടുത്തതെന്നും ഇവര്‍ക്ക് വാദിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് വന്ന് പരീക്ഷ എഴുതിയവര്‍, ഗര്‍ഭ കാലത്തിന്റെ അവസാനം പരീക്ഷ എഴുതിയവര്‍, ഗവേഷണത്തിനായി ചേരാനിരുന്നവര്, എയിഡഡ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കാത്തിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം നെറ്റ് പരീക്ഷ റദ്ദാക്കിയത് വലിയ തിരിച്ചടിയായിരുന്നു.
പരീക്ഷയ്ക്കുമുമ്പേ ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചതെന്നും ഇത് ഭാവിയില്‍ തട്ടിപ്പ് നടത്താന്‍ വിശ്വാസതയ്ക്കുവേണ്ടി ചെയ്തതാണെന്നുമാണ് സി.ബി.ഐ. ഇപ്പോള്‍ പറയുന്നത്. എന്നാല്‍, ചോദ്യപ്പേപ്പറുകള്‍ ഡാര്‍ക്ക് നെറ്റിലൂടെയും സാമൂഹികമാധ്യമ പ്ലാറ്റ് ഫോമിലൂടെയും ആറ് ലക്ഷം രൂപയ്ക്കാണ് വില്പന നടത്തിയതെന്നായിരുന്നു സി.ബി.ഐ.യെ ഉദ്ദരിച്ച് അന്വേഷണ ഘട്ടത്തില്‍ ദേശീയമാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത്. പരീക്ഷ റദ്ദാക്കുന്നതിനെ സാധൂകരിക്കുന്ന രീതിയിലായിരുന്നു അപ്പോഴത്തെ വാര്‍ത്തകളെല്ലാം.