അബുദാബി: സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി അബുദാബിയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 10 സെക്ടറുകളിലേക്ക് കൂടി പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി.
ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനം നവംബര്‍ 25ന് നടക്കും. 83 സെക്ടറുകളിലേക്കാണ് ഇത്തിഹാദ് നിലവില്‍ സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ മൂന്ന് സെക്ടറുകള്‍ നേരത്തെ വെളിപ്പെടുത്തിയതായി ഇത്തിഹാദിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു. പ്രേഗ്, വാര്‍സോ, അല്‍ അലമൈന്‍ എന്നിവയാണ് ഈ മൂന്ന് സ്ഥലങ്ങള്‍.