മുംബൈ: മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് പ്രവേശിച്ചതാണ് മുൻകാമുകനെ പ്രകോപിതനാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പീഡനത്തിനിരയായ യുവതി ഭിവണ്ടി പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. എഫ്ഐആറിലെ വിവരങ്ങൾ അനുസരിച്ച് കുറ്റാരോപിതനായ യുവാവും 22കാരിയായ യുവതിയും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവർ വേർപിരിഞ്ഞ ശേഷം യുവതി ഈയിടെയാണ് മറ്റൊരാളുമായി ഇഷ്ടത്തിലാകുന്നത്. ഇതിൽ രോഷാകുലനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ ഉപദ്രവിക്കാൻ പദ്ധതിയിടുകയായിരുന്നു.