കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു.
പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തില്‍ 97 പേര് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. 100-ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു. വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്നാണ് കളക്ടറുടെ പ്രതികരണം.