കൊച്ചി: ഹൈന്ദവ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്ത്രീയും പ്രായപരിധി ലംഘിച്ച് ശബരിമല ദർശനത്തിന് മുതിരില്ലെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം എറണാകുളം, തൃശൂർ, പാലക്കാട് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ യുവതി പ്രവേശനം ആവശ്യമില്ലെന്നാണ് യോഗത്തിന്റെ എക്കാലത്തെയും നിലപാട്. ഗുരുദർശനിന്റെ ഉൾക്കാമ്പ് സനാതന ധർമ്മമാണ്. അതിൽ അടിയുറച്ച് നിന്നും അതിലെ ജീർണതകൾക്കെതിരെ പൊരുതിയുമാണ് ഗുരു നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ട് പോയത്. സനാതന ധർമ്മത്തിൽ സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയാണ്. ദൈവദശകത്തിലൂടെ ഗുരു ലോകത്തിന് പകർന്ന് നൽകിയതും ഇതേ തത്വശാസ്ത്രമാണ്.
ഷർട്ടില്ലാത്ത കാലത്തും അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷിദ്ധമായിരുന്നു. ഷർട്ട് വിവാദം എസ്.എൻ.ഡി.പി. യോഗത്തിന് ഒരു ദിവസം കൊണ്ട് തീർക്കാവുന്നതേയുള്ളൂ. ആവേശത്തോടെയല്ല ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. ബന്ധപ്പെട്ടർ സമവായത്തിലൂടെ പരിഹാരം കാണട്ടെ. സസ്യാസിമാർ പറയുന്ന എല്ലാ കാര്യങ്ങൾക്കും യോഗം നേതാക്കൾ മറുപടി പറയേണ്ട ആവശ്യമില്ല. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്കാണ് എസ്.എൻ.ഡി.പി. യോഗം പ്രാധാന്യം നൽകുക. ഇതിനായി ശക്തമായ സമര പരിപാടികളും അവകാശ പ്രഖ്യാപന മഹാസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.