തൃശ്ശൂര്‍: കുന്നംകുളത്തുനിന്ന് സ്വകാര്യബസ് മോഷ്ടിച്ച് കടത്തിയത് അതേ ബസിന്റെ പഴയ ഡ്രൈവര്‍. കുന്നംകുളം-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഷോണി’ ബസാണ് മുന്‍ ജീവനക്കാരനായ ഷംനാദ് കടത്തിക്കൊണ്ടുപോയത്. പുലര്‍ച്ചെ വീട്ടില്‍ പോകാന്‍ വാഹനമൊന്നും ലഭിക്കാതായതോടെ നേരത്തെ ജോലിചെയ്തിരുന്ന ബസ് ഓടിച്ച് വീട്ടില്‍ പോയെന്നാണ് ഇയാളുടെ മൊഴി.സര്‍വീസിന് ശേഷം കഴിഞ്ഞദിവസം രാത്രി കുന്നംകുളം ബസ് സ്റ്റാന്‍ഡിലാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്.
എന്നാല്‍, ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ ബസ് കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ നാലുമണിയോടെ ഷംനാദ് ബസ് ഓടിച്ചുപോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഗുരുവായൂര്‍ മേല്‍പ്പാലത്തിന് സമീപം ബസ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ ഷംനാദ് ഗുരുവായൂരിലാണ് താമസം. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ കുന്നംകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ വീട്ടില്‍ പോകാന്‍ വാഹനമൊന്നും കിട്ടിയില്ലെന്നും അതോടെയാണ് ബസ് ഓടിച്ച് ഗുരൂവായൂരിലേക്ക് പോയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തുവരികയാണ്.