തിരുവനന്തപുരം: നഴ്സിങ് പ്രവേശന പ്രതിസന്ധി ചർച്ചയ്ക്ക് മാനേജ്മെന്റ് അസോസിയേഷനുകളിൽ അംഗങ്ങളല്ലാത്ത കോളേജുകൾക്കും ക്ഷണം. മേയ് രണ്ടിന് വൈകീട്ട് നാലിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിലാണ് ചർച്ച. മാനേജ്മെന്റുകളുടെ രണ്ട് സംഘടനകളുമായി ചർച്ച നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ, മാനേജ്മെന്റ് സീറ്റുകളിലേക്ക് വെവ്വേറെ പ്രവേശനം നടത്തുന്ന മറ്റ് വ്യക്തിഗത മാനേജ്മെന്റുകളുമായും വിഷയം ചർച്ചചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ചർച്ചയ്ക്കായി 34 കോളേജുകൾക്ക് സർക്കാർ നോട്ടീസ് നൽകിയത്. നഴ്സിങ് കോളേജുകൾ നടത്തുന്ന സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ സി-മെറ്റ്, സി-പാസ്, സഹകരണ അക്കാദമി എന്നിവയുടെ ഡയറക്ടർമാരോടും ചർച്ചയ്ക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മാനേജ്മെന്റ് സീറ്റുകളിലേക്ക് വിദ്യാർഥികളിൽനിന്ന് വാങ്ങുന്ന പ്രവേശനഫീസിന് ജി.എസ്.ടി. നൽകണമെന്ന് സർക്കാർ നിലപാടെടുത്തതാണ് നഴ്സിങ് പ്രവേശനരംഗത്ത് പ്രതിസന്ധിയായത്. ഈ ഇനത്തിൽ കോടികൾ കുടിശ്ശിക അടയ്ക്കേണ്ടി വരുമെന്നുവന്നതോടെ അടുത്തവർഷം മുതൽ മാനേജ്മെന്റ് സീറ്റിലേക്ക് ഏകീകൃത പ്രവേശനത്തിനില്ലെന്ന് സംഘടനകൾ നിലപാട് എടുത്തു.
ഓരോ കോളേജും വെവ്വേറെ പ്രേവശനം നടത്താൻ സംഘടനകൾതന്നെ തീരുമാനിക്കുകയും ചെയ്തു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) ക്ക് കീഴിൽ ഇക്കൊല്ലം പ്രവർത്തനം തുടങ്ങിയ നഴ്സിങ് കോളേജുകളിലെ വിദ്യാർഥികൾക്ക് പ്രായോഗിക ക്ലിനിക്കൽ പരിശീലനത്തിന് സർക്കാർ ആശുപത്രികൾ അനുവദിച്ചു.
നെയ്യാറ്റിൻകര, വർക്കല, നൂറനാട്, കോന്നി, തളിപ്പറമ്പ്, ധർമടം, താനൂർ എന്നീ സി-മെറ്റ് കോളേജുകൾക്കാണ് സർക്കാർ മെഡിക്കൽ കോളേജുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാനസികാരോഗ്യകേന്ദ്രങ്ങൾ, ആർ.സി.സി., എം.സി.സി. തുടങ്ങിയ ഇടങ്ങളിൽ ക്ലിനിക്കൽ പരിശീലനത്തിന് സൗകര്യം അനുവദിച്ചത്.