പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്കി.
മരണത്തിന് പിന്നിൽ സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ അമ്മുവിനെ സഹപാഠികളായ മൂന്ന് പേർ ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാനാകാതെ അമ്മുവിന് ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടതായി വരെ വന്നിരുന്നു. ടൂർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവർ ഭീഷണിപ്പെടുത്തിയെന്നും അമ്മുവിന്റെ കുടുംബം വ്യക്തമാക്കി.
പത്തനംതിട്ട എസ്.എം.ഇ കോളജ് ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥിനി അമ്മു കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിക്കുകയായിരുന്നു. പഠനം കഴിഞ്ഞ് ഇറങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ആണ് ഈ ദാരുണ സംഭവം നടന്നത്. കോളേജിലെ മൂന്നു വിദ്യാർത്ഥികൾക്കെതിരെ അമ്മുവിന്റെ പിതാവ് കോളേജ് അധികാരികൾക്ക് പരാതി നൽകിയിരുന്നു. ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി അമ്മു താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. എന്നാൽ അമ്മു ആത്മഹത്യ ചെയ്യില്ല എന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന് എന്നും കുടുംബം വാദിക്കുന്നു.