മസ്കത്ത്: ഇലക്ട്രോണിക് തട്ടിപ്പ് കുറക്കുന്നതിനും ഇരകൾക്കുണ്ടാകുന്ന നഷ്ടങ്ങൾ ചെറുക്കുന്നതിനും കാമ്പയിനുമായി ഒമാൻ. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ), റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി), ഇലക്ട്രോണിക് ഡിഫൻസ് സെന്റർ, ലൈസൻസുള്ള ടെലികമ്യൂണിക്കേഷൻ കമ്പനികൾ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്.
” ഡോന്റ് വാൾക്ക് ഓൺ യു” എന്ന വാക്യത്തോടെ ആരംഭിച്ച കാമ്പയിൻ ഇലക്ട്രോണിക് തട്ടിപ്പിനെക്കുറിച്ചുള്ള ബോതവത്കരണവും വഞ്ചിക്കപ്പെടുന്ന വഴികളെക്കുറിച്ചും അതിൽ നിന്നെങ്ങനെ ഒഴിഞ്ഞുമാറാമെന്നുമുള്ള അവബോധവും നൽകും.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ, ഒ.ടി.പി പങ്കുവെക്കുന്നതിലെ അപകടസാധ്യത, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴിയുള്ള ആൾമാറാട്ട തട്ടിപ്പുകൾ എന്നിവയെക്കുറിച്ചും കാമ്പയിൻ ബോധവത്കരണം നൽകും.
ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഉപയോഗത്തിനുമുള്ള ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.