സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് കഴിഞ്ഞാഴ്ച എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ ഇയാളുടെ ശരീരസ്രവങ്ങള്‍ പരിശോധിച്ചാണ് എംപോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യ വിദഗ്ധര്‍.
എന്താണ് എം പോക്സ് ? എം പോക്സിനെ ഭയക്കേണ്ടതുണ്ടോ ? 116 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച എം പോക്സ് അപകടകാരിയാണോ ?
മങ്കി പോക്സ് എന്ന് അറിയപ്പെട്ടിരുന്ന പകര്‍ച്ചവ്യാധിയെ പേടിച്ച് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നല്ലോ… അപ്പോള്‍ ഈ രോഗത്തെ ഭയപ്പെടേണ്ടേ ?
സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ എംപോക്സ് കേസാണിത്. നേരത്തെ മലപ്പുറം സ്വദേശിയായ മുപ്പത്തിയെട്ടുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും യുഎഇയില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു. മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.
ആരോഗ്യ വകുപ്പിന്റെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
രാജ്യത്ത് എംപോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ക്ലേഡ് രണ്ടിനെക്കാള്‍ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. രോഗവ്യാപനരീതി, പ്രതിരോധം, എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.
പുതിയ വകഭേദം കണ്ടെത്തിയതിനേത്തുടര്‍ന്ന് കഴിഞ്ഞാഴ്ച ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
എന്താണ് എം പോക്സ് ?
ആദ്യം മങ്കി പോക്സ് എന്ന് വിളിച്ചിരുന്ന എം പോക്സ് ഒരു മൃഗജന്യ രോഗമാണ്. അതായത് മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹാമാരിയായി പടര്‍ന്ന വസൂരിയുടെ കുടുംബത്തിലുള്ള ഒരു ഓര്‍ത്തോപോക്സ് വൈറസാണ് എം പോക്സിന് കാരണമാകുന്നത്.
രോഗം ബാധിച്ച മൃഗങ്ങള്‍, രോഗബാധിതരുടെ ശരീരത്തിലെ മുറിവുകള്‍, പോറലുകള്‍, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. എന്നാല്‍ പുതിയ സ്ട്രെയിന്‍ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
പനി, ദേഹമാസകലം തടിച്ചതുപോലെയുള്ള പാടുകള്‍, പേശികളില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിക്കുക. 10 മുതല്‍ 20 ദിവസങ്ങള്‍ കൊണ്ട് രോഗം ശമിക്കും. എങ്കിലും കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് മാരകമായേക്കാം. കോവിഡ് പോലെ വായുവിലൂടെ ഇത് പകരില്ല.
വസൂരിയേക്കാള്‍ ശേഷി കുറഞ്ഞതാണെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. രോഗബാധിതരുമായി അടുത്തിടപഴകിയാല്‍ മാത്രമേ രോഗം പകരൂവെന്നതിനാല് രോഗനിയന്ത്രണവും വളരെയെളുപ്പമാണ്.
മനുഷ്യരില്‍ ഈ രോഗം 1970ലാണ് ആദ്യമായി കണ്ടെത്തിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സെന്‍ട്രല്‍, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണ് ഈ രോഗം. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ മാത്രം 15,600 എം പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
537 മരണങ്ങള് ഇതു മൂലമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. വസൂരി വാക്സിന് ഈ രോഗത്തിന് ഫലപ്രദമായതിനാല്‍ ദരിദ്ര രാഷ്ട്രങ്ങളിലടക്കം വാക്സിന് എത്തിക്കാനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത് കേരളത്തിലാണ്. 2022 ജൂലൈ 14ന് യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ 35 കാരനിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി രോഗബാധ തടയാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു.
എം പോക്സ് അപകടകാരിയാണോ?
പത്തു മുതല്‍ 20 ദിവസങ്ങള്‍ക്കകം രോഗം ഭേദമാകാറുണ്ട്. എന്നാല്‍ കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇതു മൂലം ഉണ്ടാകാനിടയുണ്ട്. ത്വക്കിലുണ്ടാകുന്ന അണുബാധ, കാഴ്ചാ പ്രശ്നങ്ങള്‍ തുടങ്ങി മസ്തിഷ്കത്തിലെ അണുബാധയും ന്യുമോണിയയും വരെ അനുബന്ധമായി ഉണ്ടായേക്കാം.
വസൂരിയെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുകയും മരണത്തിനു വരെ കാരണമാകുകയും ചെയ്തേക്കാം.
എം പോക്സിന് വാക്സിന് നിലവിലുണ്ടോ ?
ഈ രോഗത്തിനായി വാക്സിനൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വസൂരി വാക്സിനുകള്‍ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എംവിഎ-ബിഎന്‍, എല്‍സി16, ഓര്‍ത്തോപോക്സ് വാക് എന്നീ സ്മോള്‍ പോക്സ് വാക്സിനുകള്‍ രോഗപ്രതിരോധത്തിന് ഫലപ്രദമാണ്. അടിയന്തര ചികിത്സയ്ക്കായി വസൂരി ചികിത്സയില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ച ടെകോവിരിമാറ്റ് എന്ന ആന്റി വൈറല്‍ മരുന്നും എംപോക്സിനായി ഉപയോഗിക്കാറുണ്ട്.