ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസെന്ന് കേട്ടിട്ടില്ലേ… ഇവയാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ആർ.എൻ.എ വിഭാഗത്തിൽപെട്ട ഒരു റിട്രോ വൈറസ് ആണ് എയ്ഡ്സ് വൈറസ്. 1984ൽ അമേരിക്കൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റോബർട്ട് ഗാലേ ആണ് വൈറസ് കണ്ടെത്തിയത്. പകർച്ചവ്യാധിയാണ് എച്ച്.ഐ.വി. പക്ഷേ, രോഗിയോടൊപ്പം കഴിഞ്ഞത് കൊണ്ടോ സ്പർശിച്ചതുകൊണ്ടോ രോഗം വരില്ല.
ഇതൊക്കെ ഇപ്പോ പറയാൻ എന്താണെന്നല്ലേ…ഇന്നാണ് ഡിസംബർ 1 ലോക എയ്ഡ് ദിനം. 1984ലാണ് എയ്ഡ്സ് ഒരു രോഗമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നുതന്നെ ഈ വൈറസ് ഒരു പകർച്ചവ്യാധിയായി 35 ദശലക്ഷത്തിലധികം പേരെ കൊന്നൊടുക്കി. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കു’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
എന്താണ് എച്ച്.ഐ.വി ?
ആരോഗ്യമുള്ള ഒരാളിൽ ക്യുബിക് മില്ലി മീറ്ററിൽ 500 മുതൽ 1500 വരെ സി.ഡി ഫോർ കോശങ്ങൾ കാണും. ഒരു ക്യുബിക് മില്ലിമീറ്ററിൽ 200 കോശങ്ങളിലും കുറവ് എന്ന തോതിൽ സി.ഡി ഫോർ കോശങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് എച്ച്.ഐ.വി. നല്ല ചികിത്സ ലഭിച്ചില്ലെങ്കിൽ എച്ച്.ഐ.വി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സ് ആയി മാറുകയുമാണ് ചെയ്യുന്നത്.
എച്ച്.ഐ.വി അണുബാധ പൂർണമായും സുഖപ്പെടുത്താനാവില്ല. എന്നാൽ, ഫലപ്രദമായ ആന്റിറെട്രോമിയൽ മരുന്നുകളിലൂടെ വൈറസിനെ നിയന്ത്രിക്കാനും രോഗം പകരുന്നത് തടയാനും രോഗികൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും.
ഇന്ന് ലോകം എയ്ഡ് ദിനമായി ആചരിക്കുമ്പോൾ 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിൽ കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ ഒന്നായ് പൂജ്യത്തിലേയ്ക്ക് എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്നിക്കുന്നത്. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായവരിൽ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി രോഗാവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയവരിൽ 95 ശതമാനവും എ.ആർ.ടി ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണ്. ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്.
2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തോയും ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെ കൈവരിച്ചു. ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ൽ മാത്രം 13 ലക്ഷം ആളുകളിൽ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. ഇന്ത്യയിൽ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകൾ എച്ച്.ഐ.വി ബാധിതരാണെന്നാണ് കണക്കാക്കപ്പെടുന്നത്.
2023ൽ ഇന്ത്യയിൽ 68,451 ആളുകളിൽ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 1263 പേരിലാണ് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയത്. എച്ച്.ഐ.വി. അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ അത് കേരളത്തിൽ 0.07 ആണ്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളൊക്കെയുമുള്ളത്. അതിൽ കേരളം ഒരുപടി മുന്നിലെന്ന അഭിമാനത്തോടെ തന്നെ ഇത്തവണത്തെ എയ്ഡ്സ് ദിനം ആചരിക്കാം.