കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്ന് മാവിലാൻ ഗോത്രത്തിന്റെ കഥ പറഞ്ഞ ഓങ്കാറയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം. ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 2024 എഡിഷനിൽ മൂന്ന് പുരസ്കാരങ്ങളാണ് ഓങ്കാറ കരസ്ഥമാക്കിയത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗത സംവിധായകന് ഉണ്ണി കെ ആര് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55-ലധികം സിനിമകള്‍ പങ്കെടുത്ത ചലച്ചിത്രമേളയില്‍ വേള്‍ഡ് ക്ലാസിക് മത്സര വിഭാഗത്തിലേയ്ക്കാണ് ഓങ്കാറ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മികച്ച ഒറിജിനല്‍ തിരക്കഥാകൃത്ത് – രാജേഷ് തില്ലങ്കേരി, മികച്ച ആഖ്യാന നടന് – പ്രകാശ് വിജി, പ്രത്യേക ജൂറി പരാമര്‍ശം – ഉണ്ണി കെ ആര് എന്നീ കാറ്റഗറികളിലാണ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. പ്രശസ്ത ജോര്‍ജിയന്‍ – പെറു ഡയറക്ടര്‍ മനന ജോഷ്വിലിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
വടക്കന്‍ കേരളത്തിലെ ഐതിഹാസിക കഥകളെ ചിത്രീകരിക്കുന്ന തെയ്യത്തിനൊപ്പം, മംഗലംകളി, പരമ്പരാഗത സംഗീതം എന്നിവയ്ക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുധീര്‍ കരമനയാണ്.
നവംബര്‍ 8, 9 തീയതികളില്‍ ബാങ്കോക്കിലെ സിലോമില് നടക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും.