തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും.
കഴിഞ്ഞ മണ്ഡലകാലത്തെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരും പങ്കെടുത്തു.