ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നിലവിൽ ഭരണത്തിലുള്ള ആം ആദ്മിക്കും ദീർഘകാലത്തോളം ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസിനും ഡൽഹിയുടെ സർവ്വാധിപത്യം ആഗ്രഹിക്കുന്ന ബിജെപിക്കും ഏറെ നിർണായകമാണ്. ഫെബ്രുവരി അഞ്ചിനു വോട്ടെടുപ്പ്, എട്ടിനു വോട്ടെണ്ണൽ എന്നിങ്ങനെയാണ് ഡൽഹിയുടെ തെരഞ്ഞെടുപ്പ് തീയതികൾ. ആംആദ്മിയും ബിജെപിയും കോൺഗ്രസും തങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സർവവിധ രാഷ്ട്രീയ തന്ത്രങ്ങളും പയറ്റുമെന്ന് ഉറപ്പാണ്.പാർട്ടി രൂപവത്കരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പു മുതൽ ഇതുവരെയും ഡൽഹി ഭരിച്ച കക്ഷി എന്നതാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രത്യേകത.
രാജ്യത്തുണ്ടായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിനു പിന്നാലെയാണ് 2012ൽ അരവിന്ദ് കെജരിവാളും കൂട്ടരും ആം ആദ്മി പാർട്ടി സ്ഥാപിക്കുന്നത്. 2013ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമത്തെ വലിയ കക്ഷിയായ അവർ കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കി. കെജരിവാൾ മുഖ്യമന്ത്രിയായി. എന്നാൽ, കോൺഗ്രസുമായുള്ള തർക്കങ്ങൾ ഈ സർക്കാരിന്റെ ആയുസ് വെട്ടിക്കുറച്ചു. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഗംഭീര വിജയമാണ് കെജരിവാൾ നേടിയത്. ആകെയുള്ള 70 സീറ്റുകളിൽ അറുപത്തേഴിലും ആംആദ്മി വിജയിച്ചു. മൂന്നിടത്താണ് ബിജെപിക്കു വിജയിക്കാനായത്. 2020ലും കെജരിവാൾ വിജയം ആവർത്തിച്ചു. 62 സീറ്റുകളായിരുന്നു ആംആദ്മിക്ക്. ബിജെപി എട്ടു സീറ്റിലേക്ക് ഉയർന്നു. രാജ്യത്തെ രണ്ടു പ്രധാന രണ്ടു ദേശീയ പാർട്ടികൾക്കും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ യാതൊരു സാധ്യതയുമില്ലാതാക്കിയ ആംആദ്മി പിന്നീട് പഞ്ചാബ് നിയമസഭയിലും വിജയം നേടി.
ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി. 2023ൽ ദേശീയ പാർട്ടി എന്ന നിലയിലുള്ള അംഗീകാരവും ആംആദ്മിക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ നൽകുകയുണ്ടായി. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ കെജരിവാൾ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. പാർട്ടിയുടെ മറ്റൊരു സീനിയർ നേതാവായ അതിഷിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കസേരയിലുള്ളത്. ഈ തെരഞ്ഞെടുപ്പിൽ ജനവിധി നേടിയ ശേഷമേ താൻ ഇനി മുഖ്യമന്ത്രിക്കസേരയിലിരിക്കൂ എന്നാണു കെജരിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എഎപിക്കും അവരുടെ അനുയായികൾക്കും വളരെ പ്രാധാന്യമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് എഎപി മത്സരിച്ചത്. എന്നാൽ, ഡൽഹിയിൽ ബിജെപിയുടെ സമ്പൂർണ ആധിപത്യം അവസാനിപ്പിക്കാൻ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞില്ല. 54 ശതമാനത്തിലേറെ വോട്ടു നേടിയാണ് ബിജെപി രാജ്യതലസ്ഥാനത്തെ ഏഴു സീറ്റുകളും സ്വന്തമാക്കിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞിട്ടും 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടാൻ കഴിഞ്ഞതിന്റെ ചരിത്രമാണ് എഎപിയെ ഇക്കുറിയും നയിക്കുന്നത്. എഎപിയുമായി സഖ്യത്തിലല്ലാതെ വീണ്ടും ഒറ്റയ്ക്കു മത്സരിക്കുന്നത് കോൺഗ്രസിന് എന്തെങ്കിലും പ്രയോജനം ചെയ്യുമോയെന്ന് കണ്ടു തന്നെ അറിയണം.ഒരുകാലത്ത് ഡൽഹി രാഷ്ട്രീയത്തിലെ പ്രമുഖ കക്ഷികൾ കോൺഗ്രസും ബിജെപിയും മാത്രമായിരുന്നു. 1998 മുതൽ 2013 വരെ കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് അധികാരത്തിലിരിക്കുന്നത്. തുടർച്ചയായി മൂന്നു തവണ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായ ശേഷം കോൺഗ്രസിന് ഇവിടെ ദയനീയമായ തകർച്ച നേരിടേണ്ടിവരികയായിരുന്നു. രണ്ടര പതിറ്റാണ്ടായി ഡൽഹിയിൽ അധികാരത്തിനു പുറത്താണ് ബിജെപി. ഇക്കുറി അധികാരം തിരിച്ചുപിടിക്കാനുള്ള എല്ലാ സാധ്യതകളും പാർട്ടി മുന്നിൽ കാണുന്നുണ്ട്. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തകർപ്പൻ വിജയം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മാത്രവുമല്ല കഴിഞ്ഞദിവസം എട്ടോളം ആം ആദ്മി എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇതും ബിജെപി പാളയത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. അതോടൊപ്പം തന്നെ അതിശക്തമായ അഴിമഴിയാരോപണങ്ങൾ ആംആദ്മിക്ക് ഈ തെരഞ്ഞെടുപ്പു കാലത്ത് നേരിടേണ്ടിവരും. ഈ പ്രതിസന്ധിയെ എല്ലാം ആം ആദ്മി എങ്ങനെ അതിജീവിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.