കൊല്ലം: കരുനാഗപ്പള്ളി ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയത സിപിഐഎം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു. ഇന്നലെ കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയിലേക്ക് നീങ്ങുകയും സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിടുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ഉള്‍പ്പെടെ ഏകപക്ഷീയമായി തെരഞ്ഞെടുത്തു എന്നാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയം.
ഈ മാസം 11 ന് മത്സരം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനമാണ് ഇന്നലെ പുനരാരംഭിച്ചത്. സംസ്ഥാന സമിതി അംഗങ്ങളായ കെ സോമപ്രസാദ്, കെ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം. നേതൃത്വം അവതരിപ്പിച്ച പാനല്‍ അംഗീകരിക്കാത്തവര്‍ വീണ്ടും മത്സരത്തിന് തയ്യാറെടുത്തു. എന്നാല്‍ ഇത് അവഗണിച്ച് ഏകപക്ഷീയമായി സെക്രട്ടറിയേയും കമ്മറ്റിയേയും തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് വിമതര്‍ പറയുന്നത്.
82 അംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഭൂരിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്കല്‍ കമ്മറ്റി സെക്രട്ടറി പെണ്ണുപിടിയനാണെന്നും അതിന്റെ വീഡിയോ പുറത്തുവിടാം എന്നുമാണ് ഒരു നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കള്ളുകുടിയന്മാര്ക്കും പെണ്ണുപിടിയന്മാര്ക്കുമുള്ള പ്രസ്ഥാനമായി മാറി, കരുനാഗപ്പള്ളിയും കുലശേഖരപുരത്തും സിപിഐഎം നശിച്ച് നാമാവശേഷമായെന്നാണ് വനിതാ സഖാക്കള്‍ ആരോപിച്ചത്.
സിഐടിയു ജില്ലാക്കമ്മറ്റി അംഗമായ ഒരു വനിതാ സഖാവിന്റെ പ്രതികരണം ഇങ്ങനെയാണ്- ‘വനിതാ സഖാക്കള്‍ക്ക് മാന്യമായും അന്തസോടെയും പ്രസ്ഥാനത്തിനൊപ്പം നില്ക്കാന് പറ്റാത്ത അവസ്ഥയാണ്. പെണ്ണുപിടിത്തക്കാരുടെ കൈയില്‍ നിന്ന് പ്രസ്ഥാനത്തെ രക്ഷിക്കണം.
ഞങ്ങള്‍ പാര്‍ട്ടി കൊടി പിടിച്ച് വളര്‍ന്ന് വന്നവരാണ്, ഞങ്ങള്‍ക്ക് പ്രസ്ഥാനം വേണം. പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് സംസാരിക്കുന്നത്. സംസ്ഥാന നേതാക്കള്‍ ഇതിനൊക്കെ കൂട്ടുനില്ക്കാന് വന്നതാണ്. പാര്‍ട്ടി അതിന്റെ തത്വങ്ങളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കണം.’
കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയില്‍ കുറേ നാളായി രൂക്ഷമായ വിഭാഗീയതയാണ്. ഇതിന് കീഴിലുള്ള പത്ത് ലോക്കല്‍ കമ്മറ്റികളില്‍ ഏഴിടത്ത് ബഹളത്തെ തുടര്‍ന്ന് സമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ഈ സമ്മേളനങ്ങളെല്ലാം പുനരാരംഭിച്ചത്.
കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെക്കേണ്ടി വന്നു. ഇനിയും മൂന്ന് സമ്മേളനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഡിസംബര്‍ രണ്ടിന് കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ആരംഭിക്കാനിരിക്കെ അതിന് മുന്‍പ് ഏതെങ്കിലും വിധത്തില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
സംസ്ഥാന സമ്മേളനം നടക്കേണ്ട കൊല്ലം ജില്ലയിലാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. തൊടിയൂര്‍, കല്ലേലിഭാഗം, എന്നിവിടങ്ങളിലും ലോക്കല്‍ സമ്മേളനങ്ങള്‍ കൈയാങ്കളിയിലാണ് കലാശിച്ചത്. സേവ് സിപിഐഎമ്മിന്റെ പേരില്‍ കരുനാഗപ്പള്ളിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ലോക്കല്‍ സെക്രട്ടറി കൈക്കൂലിക്കാരനാണെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കള്ളുകുടിയനാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.