കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാനാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സി.പി.ഐ.എം- ബി.ജെ.പി നേതൃത്വങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് ഇത് നടന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പിയുടെയും അവര്‍ക്ക് എല്ലാ പിന്തുണയും നല്കിയ സി.പി.ഐ.എമ്മിന്റെയും ജാള്യത മറയ്ക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പാതിരാ നാടകമാണ് അരങ്ങില്‍ എത്തുന്നതിന് മുന്‍പ് ദയനീയമായി പരാജയപ്പെട്ടതെന്ന് സതീശന് തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ പിന്തുണയോടെ പാലക്കാട് നിന്നുള്ള മന്ത്രി എം.ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ സി.പി.ഐ.എം നേതാവും ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് ഈ പാതിരാ നാടകത്തിന്റെ തിരക്കഥ തയാറാക്കിയത്. ഇതിന് പിന്നിലുള്ള ചിലര്‍ വാളയാറിലെ ഒന്‍പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ഉപജാപത്തില്‍ പങ്കെടുത്ത് പരിചയമുള്ളവരാണെന്നും സതീശന് ആരോപിച്ചു.
പൊലീസിന്റെ വിശദീകരണത്തിലും വൈരുദ്ധ്യമുണ്ട്. പതിവ് പരിശോധനയെന്നാണ് എ.സി.പി പറഞ്ഞത്. പൊലീസ് സംഘം പറഞ്ഞത് 12 മുറികള്‍ ലിസ്റ്റ് ചെയ്തു തന്നിട്ടുണ്ടെന്നാണ്. എന്നിട്ട് ആദ്യം പോയത് ഷാനി മോളുടെ മുറിയിലേക്കും പിന്നീട് പോയത് മൂന്നാം നിലയിലുള്ള ബിന്ദു കൃഷ്ണയുടെ മുറിയിലേക്കുമാണ്. കോണ്‍ഗ്രസ് വനിതാ നേതാക്കളെ അപമാനിക്കാനാണ് പൊലീസ് പരിശോധന നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് ഉണ്ടായിരുന്നതിനാല്‍ മുറി തുറന്നു കൊടുത്തു. ബി.ജെ.പി വനിതാ നേതാക്കള്‍ താമസിക്കുന്ന തൊട്ടു മുന്‍പിലുള്ള മുറിയില്‍ അറിയാതെയാണ് പൊലീസ് മുട്ടിയത്. വനിതാ പൊലീസുകാര്‍ ഇല്ലാതെ കയറാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതോടെ സോറി പറഞ്ഞ് പൊലീസുകാര്‍ മടങ്ങി. വനിതാ പൊലീസ് എത്തിയ ശേഷവും പൊലീസ് അവരുടെ മുറിയില്‍ കയറിയില്ല. പാതിരാത്രിയിലാണ് മഫ്തിയിലെത്തിയ പൊലീസ് ഒറ്റയ്ക്ക് താമസിക്കുന്ന ഷാനിമോളുടെ മുറിയുടെ വാതിലില്‍ മുട്ടിയത്. എന്തൊരു അപമാനകരമായ സംഭവമാണ് കേരളത്തില്‍ നടക്കുന്നതെന്നും സതീശന് ചോദിച്ചു.
ബിന്ദുകൃഷ്ണയുടെ മുറിയില്‍ കയറിയ പുരുഷ പൊലീസുകാര്‍ അവരുടെ മുഴുവന്‍ വസ്ത്രങ്ങളും പരിശോധിച്ചു. കേരള പൊലീസിനെ സി.പി.ഐ.എം അവരുടെ അടിമക്കൂട്ടമാക്കി മാറ്റി. രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന പൊലീസുകാര്‍ ഈ ഭരണത്തിന് അവസാനമായെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തത് ഒരു കാരണവശാലും ഞങ്ങള്‍ ക്ഷമിക്കില്ല. ഇത് വച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു.
ഒരു രൂപ പോലും അനധികൃതമായി കണ്ടെത്തിയില്ല. ഒന്നും കിട്ടിയില്ലെന്ന് അവസാനം എഴുതിക്കൊടുക്കുകയും ചെയ്തു. എന്തൊരു നാടകമാണ് നടത്തിയത്? കൈരളി ടി.വിയെ അറിയിച്ചിട്ടാണോ പൊലീസുകാര്‍ റെയ്ഡ് നടത്താന്‍ എത്തിയത്. റെയ്ഡ് നടത്താന്‍ വരുന്നതിന് മുന്‍പ് തന്നെ ബി.ജെ.പി, സി.പി.ഐ. എം പ്രവര്‍ത്തകരും അവിടെയെത്തിയെന്നും സതീശന് ചൂണ്ടിക്കാട്ടി.
ഹോട്ടലിന്റെ റിസപ്ഷന് മുറി തുറന്നിട്ടു കൊടുത്ത് ഡി.വൈ.എഫ്.ഐ- ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അവിടേക്ക് കയറാനുള്ള എല്ലാ സഹായവും ചെയ്തു കൊടുത്തിട്ടാണ് റെയ്ഡ് നടത്തിയത്. പണപ്പെട്ടി കൊണ്ടു പോകുന്നത് പകര്‍ത്താനാണ് അവിടെ കയറിയതെന്നാണ് പറയുന്നത്. പണപ്പെട്ടി അന്വേഷിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല, നിങ്ങളുടെ നേതാവായ പിണറായി വിജയന് താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
റെയ്ഡ് നടത്തുന്നതിന്റെ നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ല. ഷാനി മോള് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചിട്ട് അതു പോലും മഫ്തിയില്‍ എത്തിയ ആളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. മഫ്തിയില്‍ എത്തിയവര്‍ക്ക് രാത്രി മുറി തുറന്നു കൊടുക്കണമെന്ന് പറയുന്നത് എന്തൊരു അസംബന്ധമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലല്ലെ ഈ പൊലീസ് പ്രവര്‍ത്തിക്കുന്നത്? മുറി റെയ്ഡ് ചെയ്യുമ്പോള്‍ സാക്ഷികള്‍ വേണ്ടേ? നിയമം അനുസരിച്ചുള്ള സാക്ഷികള്‍ ഉണ്ടായിരുന്നോ എന്നും സതീശന് ചോദ്യമുന്നയിച്ചു.
രാത്രി 12:5 നാണ് ഇവര്‍ പരിശോധനയ്ക്ക് എത്തിയത്. നേതാക്കള്‍ ബഹളമുണ്ടാക്കിയതോടെ 2:40 നാണ് എ.ഡി.എമ്മും ആര്.ഡി.ഒയും വന്നത്. വിളിക്കാതെ ഞങ്ങള്‍ എങ്ങനെയാണ് റെയ്ഡ് അറിയുന്നതെന്നാണ് ഷാഫി പറമ്പില്‍ എം.പിയോട് ആര്.ഡി.ഒ പറഞ്ഞത്. ഉദ്യോഗസ്ഥരെ പോലും കൊണ്ടു പോകാതെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അപമാനിക്കുന്നതിന് വേണ്ടിയാണ് പൊലീസ് നാടകം കളിച്ചത്. കുഴല്‍പ്പണ കേസില്‍ നാണംകെട്ടു നില്ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും അതിന് കുടപിടിച്ചു കൊടുത്ത് ഇളിഭ്യനായി നില്ക്കുന്ന പിണറായി വിജയനെയും രക്ഷിക്കുന്നതിനു വേണ്ടി നടത്തിയ പാതിരാ നാടകമാണ് അരങ്ങില്‍ എത്തുന്നതിന് മുന്‍പ് പൊളിഞ്ഞതെന്നും സതീശന് വിമര്ശനമുനയിച്ചു.
സ്ത്രീകളായ പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിച്ച എം.ബി രാജേഷിന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. നാണംകെട്ടാണ് എം.ബി രാജേഷ് ആ കസേരയില്‍ ഇരിക്കുന്നത്. സ്ത്രീകളെ അപമാനിക്കാന്‍ കൂട്ടു നിന്ന മന്ത്രി രാജി വച്ച് ഇറങ്ങിപ്പോകണം. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പ് രാജി വച്ചില്ലെങ്കില്‍ സമരവുമായി പ്രതിപക്ഷം രംഗത്തിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളുടെ സഹോദരിമാരെ അപമാനിച്ചതിന് മാപ്പ് നല്‍കില്ല. മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഉറപ്പുള്ള സി.പി.ഐ.എം, ബി.ജെ.പിയെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ നാടകം നടത്തിയത്. ഇതിനെതിരെ ശക്തിയായി പോരാടും. പണം കൊണ്ടു വച്ച് തെളിവുണ്ടാക്കാനും മടിക്കാത്തവരാണ് ഇവര്‍. ഈ നാടകം കാണിച്ചവര്‍ എന്തിനും മടിക്കാത്തവരാണെന്നും സതീശന് പറഞ്ഞു.
നാടകം പൊളിഞ്ഞപ്പോള്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും വീണിടത്ത് കിടന്ന് ഉരുളുകയാണ്. സി.പി.ഐ.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടകലര്‍ന്നാണ് അവിടെ നിന്നത്. കൈരളിയെയും സി.പി.ഐ.എമ്മിനെയും ബി.ജെ.പിയെയും അറിയിച്ചാണ് റെയ്ഡ് നടത്തിയത്. കേരളത്തിലെ പൊലീസ് കൈരളിയില്‍ വിളിച്ച് അറിയിച്ചിട്ടാണോ റെയ്ഡിന് പോകുന്നത്? മന്ത്രിയുടെ ഓഫീസില്‍ നിന്നാണോ അതോ അളിയന്റെ ഓഫീസില്‍ നിന്നാണോ റെയ്ഡ് വിവരം വിളിച്ച് അറിയിച്ചത്? മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്നാണ് ഗൂഡാലോചന നടത്തിയത്. അതുകൊണ്ടാണ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സതീശന് ആരോപിച്ചു.
ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത് ആരാണെന്ന് പാലക്കാട് ചെന്ന് നോക്കിയാല്‍ അറിയാം. സി.പി.ഐ.എം നേതാവ് ടി.വി രാജേഷിന്റെ മുറിയും പരിശോധിച്ചില്ല. എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോഴാണ് വേറെ കുറെ മുറിയില്‍ കയറിയെന്ന് വരുത്തി തീര്‍ത്തത്. ഹോട്ടലിലെ ആദ്യ മുറിയായിരുന്നോ ഷാനി മോളുടേത്? രണ്ടാമത്തെ മുറി ആയിരുന്നോ ബിന്ദു കൃഷ്ണയുടേത്? ഹോട്ടലിന് പുറത്തുള്ള ഗുണ്ടാ സംഘത്തിന് കാവല്‍ നിന്ന ആളാണ് എ.എ റഹീം. രാജ്യസഭാ അംഗമാണു പോലും, എന്നിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ പണം കടത്തിയെന്നു പറയുന്നതെന്നും സതീശന് പറഞ്ഞു.
കള്ളപ്പണത്തിനെതിരെ സുരേന്ദ്രന് തന്നെ മറുപടി പറയണം. 41 കോടി 40 ലക്ഷം കൊണ്ടുവന്നതിന് അയാള്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. അപ്പോള്‍ അയാള്‍ റോഡില്‍ നില്‍ക്കുന്നവര്‍ക്കെതിരെ അധിക്ഷേപം പറയും. അത് കൈരളിയും സി.പി.ഐ.എം നേതാക്കളും ഏറ്റെടുത്ത് പറയുകയാണ്. അവരുടെ സ്വന്തം ആളല്ലേ സുരേന്ദ്രന് സാര്‍. സുരേന്ദ്രന് സാര്‍ പറഞ്ഞ കാര്യം സി.പി.ഐ.എമ്മും കൈരളിയും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. അതിനൊന്നും മറുപടിയില്ല. പ്രതിയായി, നാണം കെട്ടു നില്ക്കുന്ന സുരേന്ദ്രന് കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ ബോര്‍ഡ് വച്ചു. ഇപ്പോള്‍ മനസിലായില്ലേ, ഇപ്പോള്‍ ആരാണ് പിണറായിയുടെ ഐശ്വര്യമെന്ന് മനസിലായില്ലേ എന്നും സതീശന് ചോദ്യമുന്നയിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സുരേന്ദ്രന് മത്സരിച്ച വയനാട്ടില്‍ പോയിട്ടും കുഴല്‍പ്പണം കൊണ്ടു വന്നവനാണ് മത്സരിക്കുന്നതെന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ലല്ലോ? അതിനു പകരം പിണറായി വിജയന് രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കാന്‍ പോകുകയായിരുന്നു. 41 കോടി 40 ലക്ഷം രൂപ കുഴല്‍പ്പണമായി സുരേന്ദ്രന് വേണ്ടി കൊണ്ടു വന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയ വിവരം പൂഴ്ത്തി വച്ച് ബി.ജെ.പിയെ ഭയന്ന് മുട്ടുവിറച്ച് ഭരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.