പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നാളെ വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണം. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തി ആളുകളെ കാണുക എന്നതാണ് മൂന്ന് സ്ഥാനാർത്ഥികളുടെയും ലക്ഷ്യം.
ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് പി സരിന്റെ ലക്ഷ്യം. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാൻ ബിജെപി ശ്രമിക്കുകയാണ്.
പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ് പാലക്കാട് മണ്ഡലം. 1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ1,00,290. 94,412 പുരുഷ വോട്ടർമാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.