പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. ഭൂരിപക്ഷം കുറഞ്ഞത് മൂന്ന് മുന്നണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും കട്ടായം പറയുന്നു.
ഇത്തവണ ഏറെ വാശിയേറിയ പാലക്കാടന്‍ പോരാണ് നടന്നത്. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍. പക്ഷെ പ്രചരണത്തിലെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നാണ് കണക്ക് കാണിക്കുന്നത്. 70.51 ആണ് പോളിംഗ് ശതമാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളമാണ് പോളിംഗില്‍ ഉണ്ടായിരിക്കുന്ന ഇടിവ്. 2021 ല്‍ 75.83 ആയിരുന്നു. തപാല്‍ വോട്ടുകള്‍ കൂടി കൂട്ടുമ്പോള്‍ നേരിയ വ്യത്യാസം അവസാന കണക്കില്‍ വരാം. എങ്കിലും നാല് ശതമാനത്തോളം കുറവ് വരാനുള്ള സാധ്യതയുണ്ട്.
നഗരസഭയില്‍ 71.1, പിരായിരി പഞ്ചായത്ത് 70.89, കണ്ണാടി പഞ്ചായത്ത് 70.15, മാത്തൂര്‍ 70.11 എന്നിങ്ങനെയാണ് പോളിംഗ്. എല്ലായിടത്തും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് കുറഞ്ഞിട്ടുണ്ട്. നഗരസഭയില്‍ കഴിഞ്ഞ തവണ 75.24 ശതമാനമായിരുന്നു പോളിംഗ്. ബിജെപിക്ക് സ്വാധീനമുള്ള നഗരസഭയില്‍ പോളിംഗ് കുറഞ്ഞത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
പിരായിരിയില്‍ കഴിഞ്ഞ തവണ 75.1 ശതമാനമായിരുന്നു. അഞ്ച് ശതമാനത്തോളം കുറവുണ്ടായത് വിജയത്തെ ബാധിക്കുമോ എന്ന പേടി യുഡിഎഫിനുമുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ സ്വാധീനമുള്ള മാത്തൂര്‍ കണ്ണാടി പഞ്ചായത്തുകളിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്. മാത്തൂരില്‍ മൂന്നും കണ്ണാടിയില്‍ എട്ടും ശതമാനത്തോളമാണ് പോളിംഗില്‍ വന്നിരിക്കുന്ന കുറവ്.
അന്‍പതിനായിരം വോട്ട് വരെ പിടിക്കുമെന്നും അയ്യായിരം വോട്ടുകള്‍ക്ക് ജയിക്കുമെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് അവകാശപ്പെടുന്നത്. പോളിംഗിന് തലേദിവസം വരെ 70,000 വോട്ടും 20,000 ഭൂരിപക്ഷവുമായിരുന്നു സരിന്റെ അവകാശവാദം. യുഡിഎഫ് വോട്ടുകള്‍ കാര്യമായി ചോര്‍ന്നിട്ടുണ്ടെന്നും നഗരസഭ ഉള്‍പ്പെടെ നാലിടത്തും ലീഡ് നേടുമെന്നുമാണ് സരിന് പറയുന്നത്.
ബിജെപി വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് സരിന് അവകാശപ്പെടുന്നു. ഇതൊന്നും പാര്‍ട്ടി ഏറ്റെടുത്തിട്ടില്ല. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞത് പാലക്കാട് വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നാണ്. എന്നാല്‍ ചേലക്കരയില്‍ ജയം ഉറപ്പെന്നും പറയുന്നു. വയനാട്ടില്‍ നിലമെച്ചപ്പെടുത്തുമെന്നാണ് പ്രതികരണം.
ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് അവകാശപ്പെടുന്നത്. നഗരസഭയില്‍ മികച്ച ലീഡ് ഒപ്പം മൂന്ന് പഞ്ചായത്തുകളില്‍ കാര്യമായ രീതിയിലുള്ള മുന്നേറ്റവും. എല്‍ഡിഎഫ് അവരുടെ രാഷ്ട്രീയ വോട്ടുകള്‍ കൃത്യമായി പിടിച്ചാല്‍ തങ്ങള്‍ ജയിക്കുമെന്നാണ് ബിജെപി പറയുന്നത്. യുഡിഎഫിന്റെ വോട്ടിലെ ചോര്‍ച്ചയുടെ കണക്ക് അനുസരിച്ചായിരിക്കും അവരുടെ സ്ഥാനം രണ്ടോ മൂന്നോ എന്നത് നിര്‍ണയിക്കുക എന്നും കൃഷ്ണകുമാര്‍ പറയുന്നു.
ലീഡ് പതിനായിരത്തിന് മുകളിലെന്ന് ആവര്‍ത്തിക്കുന്നുണ്ട് യുഡിഎഫ്. തരംഗം ഉണ്ടെങ്കില്‍ അത് ഇരുപതിനായിരം വരെ പോകാമെന്നും നേതാക്കള്‍ പറയുന്നു. നഗരസഭയില്‍ പോളിംഗ് കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകും. അവിടെ ബിജെപിയുടെ ലീഡ് പരമാവധി കുറയ്ക്കുക, പിരായിരിയില്‍ മികച്ച ലീഡ്, മാത്തൂര്‍, കണ്ണാടി പഞ്ചായത്തിലും മുന്നേറ്റം.
ഇതാണ് വിജയമന്ത്രമായി യുഡിഎഫ് പറയുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടി വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞുവെന്നാണ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത്.