ഹൈദരാബാദ്: നടന് അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍. പുഷ്പ 2 റിലീസിനെ തുടർന്ന് തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിലാണ് നടനെതിരായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി തിരിഞ്ഞിരിക്കുന്നത്.
നിയമം എല്ലാവര്ക്കും ഒരേ പോലെയാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ നേതാവും സിനിമാ നടനും കൂടിയായ പവന് കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ആന്ധ്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ പവന് തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയെ പുകഴ്ത്തുകയും ചെയ്തു. ‘മികച്ച നേതാവ്’ എന്ന് രേവന്ത് റെഡ്ഡിയെ വിശേഷിപ്പിച്ച പവന് കൊല്ലപ്പെട്ട സ്ത്രീയുടെ വീട് നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്നും വ്യക്തമാക്കി.
പുഷ്പ 2ന്റെ റിലീസ് ദിവസം ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്ജുന് വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36കാരിയായ സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളും കേസുകളുമാണ് ഉണ്ടായത്. സംഭവത്തെ തുടർന്ന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇത് സംബന്ധിച്ച് തെലങ്കാന പോലീസിന്റെ നടപടികളെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് പവന് കല്യാണിന്റെ പ്രതികരണം. എന്നാല്‍, തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം സീറ്റില്‍ ഇരുന്നതോടെ കുഴപ്പം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി’ പവന് വ്യക്തമാക്കി.