ഒരുപാട് വഴികൾ മാറി മാറി സഞ്ചരിച്ച് ഒടുവിൽ എൻസിപി ശരത് പവാർ വിഭാഗത്തിലെത്തി ഒടുവിൽ പെരുവഴിയിൽ ആയിരിക്കുകയാണ് പി സി ചാക്കോ. എല്ലാകാലത്തും അധികാരത്തിന്റെ അകത്തളങ്ങളിൽ അടക്കിവാണിരുന്ന ചാക്കോയ്ക്ക് ഇന്നുള്ളത് അത്ര നല്ല കാലമല്ല. എവിടെ തൊട്ടാലും അതൊക്കെ വലിയ വിനാശമാകുന്ന ദുരവസ്ഥയാണ് നിലവിൽ ചാക്കോയ്ക്ക്.
എൻസിപിഎസിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല സാഹചര്യങ്ങളിലും വ്യത്യസ്ത നിലപാടുകൾ ആയിരുന്നു വിഷയത്തിൽ ചാക്കോ സ്വീകരിച്ചിരുന്നത്. ഒരു ഘട്ടത്തിൽ ശശീന്ദ്രനൊപ്പം നിൽക്കുകയും പിന്നീട് തോമസ് കെ തോമസിനൊപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോൾ ചാക്കോയ്ക്കും തോമസ് കെ തോമസിനും ഇടയില്‍ ഭിന്നിപ്പ് രൂക്ഷമായിത്തന്നെ തുടരുകയാണ്.
മന്ത്രിസ്ഥാനം സംബന്ധിച്ച് ഏറെനാളുകളായി തർക്കം തുടരുന്ന എ കെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ ഇന്നിപ്പോൾ അവസാനിച്ചിരിക്കുകയാണ്. തോമസ് കെ തോമസ് എ കെ ശശീന്ദ്രനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ചാക്കോയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുവാനാണ് ഇരുവരുടെയും തീരുമാനം. എൻസിപിഎസിലും കേരള രാഷ്ട്രീയത്തിലും ചാക്കോയെ അത്രമേൽ അപ്രസക്തമാക്കുന്നതിനുള്ള നീക്കങ്ങളാണ് ഇരുവരും ലക്ഷ്യമിടുന്നത്.
നിലവിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മുന്നണിയെ സമീപിക്കാനാണ് എ കെ ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പാർട്ടിയിലെ ഭിന്നത എല്‍ഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ കെ ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക് വേണ്ടി ചാക്കോ നല്കുന്ന നിയമന ശുപാർശകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനമുണ്ട്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്കുളള ചാക്കോയുടെ നിയമനം തടയാനാണ് കത്ത്. പി.സിചാക്കോയെ നേരിട്ട് കണ്ട് നിലപാട് അറിയിക്കാനും എ.കെ ശശീന്ദ്രന്റെ തീരുമാനമുണ്ട്. സ്വന്തം പക്ഷത്തുളളവരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും ആവശ്യമുന്നയിക്കും.
അതേസമയം, മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് തോമസ് കെ തോമസിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെയാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കൂടിയായ ചാക്കോയോട് തോമസ് കെ തോമസ് അകന്നത്. രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന മന്ത്രിമാറ്റം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വഷളാക്കിയത് സംസ്ഥാന പ്രസിഡന്റ് ചാക്കോ ആണെന്നാണ് ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും വിമര്‍ശനം. പകരം മന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ശശീന്ദ്രന് രാജി വെക്കണമെന്ന നിലപാട് ചാക്കോയുടെ വ്യക്തിപരമായ താല്പര്യമാണെന്നും വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തിലാണ് ചാക്കോയുടെ ഏകപക്ഷീയമായ നടപടികള്‍ക്ക് എതിരെ നീങ്ങാന്‍ ശശീന്ദ്രന് പക്ഷം തീരുമാനിച്ചത്.
തോമസ് കെ തോമസിനെ മന്ത്രി ആക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസം ചാക്കോയ്ക്ക് ഉണ്ടായിരുന്നു. ആരെ മന്ത്രിയാക്കണം എന്നത് പാർട്ടിയുടെ അഭ്യന്തര കാര്യമാണെന്നിരിക്കെ സിപിഎം അനുമതിക്കായി കാത്തിരിക്കേണ്ടി വരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നായിരുന്നു ചാക്കോയുടെ നിലപാട്. പാർട്ടിയുടെ അഭിമാനം സംരക്ഷിക്കാൻ കഴിയാതെ സംസ്ഥാന അധ്യക്ഷനായിരിക്കാൻ താൽപര്യമില്ലെന്നും ചാക്കോ അടുപ്പമുളള നേതാക്കളോട് പറയുന്നുണ്ട്. അതേസമയം വളരെ എളുപ്പത്തിൽ സൗഹാർദ്ദപരമായി കൈക്കൊളളാനാവുമായിരുന്ന തീരുമാനം കുളമാക്കി നാണക്കേട് ഉണ്ടാക്കിയത് ചാക്കോയുടെ പാളിച്ചയാണെന്നാണ് ശശീന്ദ്രൻെറ വിമർശനം