രാജേഷ് തില്ലങ്കേരി
എന്‍ സി പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റെങ്കിലും പി സി ചാക്കോ കേരളത്തിലെത്തുമ്പോള്‍ സംസ്ഥാന അധ്യക്ഷനായി മാറും. എന്‍ സി പിയില്‍ നേതൃത്വമാറ്റത്തിനായി പോരാട്ടം കടുത്തതോടെയാണ് ഒരേ സമയം സംസ്ഥാന അധ്യക്ഷന്റേയും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റേയും ചുമതലകള്‍ ഒരുമിച്ച് വഹിക്കാനുള്ള ഭാഗ്യം ചാക്കോ സാറിന് കൈവന്നത്. കോണ്‍ഗ്രസുമായി എന്‍ സി പി ( എസ് ) ലിയിക്കില്ലെന്നാണ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ഇപ്പോള്‍ സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ പവാര്‍ വിഭാഗം ലയിച്ചാല്‍ ആദ്യം തൊഴില്‍ രഹിതനാവുന്ന നേതാവാണ് താനെന്ന ഉത്തമ ബോധമുള്ളതിനാലാണ് ചാക്കോസാര്‍ നാടുനീളെ നടന്ന് ചെറുകിട നേതാക്കളെ ചാക്കിട്ടുകൊണ്ടിരിക്കുന്നത്.
ദേശീയ തലത്തില്‍ ചെറു പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ലയിക്കേണ്ടിവരുമെന്നും, എങ്കില്‍ മാത്രമേ ബി ജെ പിയുടെ സംഘപരിവാര്‍ അജണ്ടകളെ ചെറുത്തു തോല്പ്പിക്കാനാവൂ എന്നു പറഞ്ഞത് ശരത് പവാറാണ്. എന്‍ സി പി യിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് മഹാരാഷ്ട്രയിലെ അഗാഡി സഖ്യസര്‍ക്കാരിനെ തകര്‍ത്ത ബി ജെ പി അജണ്ടയാണ് പവാറിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം. കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയും ഭരണത്തില്‍ പങ്കാളിയായിരിക്കയും ചെയ്യുന്ന എന്‍ സി പി കേരള ഘടകത്തിന് പവാര്‍ പറഞ്ഞതിന്റെ പൊരുള്‍ ഒരുപക്ഷേ മനസിലായിട്ടുണ്ടാവില്ല. ഇവിടെ വനം വകുപ്പ് എന്‍ സി പിയാണ് ഭരിക്കുന്നത്. എന്‍ സി പിയുടെ മന്ത്രി എ കെ ശശീന്ദ്രനാണ് എന്നാണ് ഔദ്യോഗിക വിവരമെങ്കിലും ആ വകുപ്പ് യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് ചാക്കോ സാറാണ്. അതുകൊണ്ടാണ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റാക്കിയിട്ടും ചാക്കോ സാര്‍ ഇവിടുന്നിങ്ങനെ ചുറ്റിപ്പറ്റി നില്ക്കുന്നതും സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയിലേക്ക് മറ്റാരെയും കൊണ്ടുവരാത്തതും.
കേരളത്തില്‍ എന്‍ സി പിക്ക് രണ്ട് എം എല്‍ എ മാരാണ് ഉള്ളത്. ഒന്ന് എലത്തൂരില്‍ നിന്നും വിജയിച്ച എ കെ ശശീന്ദ്രന്. മറ്റൊരു എം എല്‍ എ കുട്ടനാട്ടില്‍ നിന്നും വിജയിച്ച തോമസ് കെ തോമസും. മന്ത്രി സ്ഥാനത്തിനു വേണ്ടി നേരത്തെ അവകാശവാദമുന്നയിച്ച് തോമസ് കെ തോമസ് പാര്‍ട്ടിയില്‍ കലാപമുണ്ടാക്കിയെങ്കിലും ഒന്നും കാര്യമുണ്ടായില്ല.പാലം കുലുങ്ങിയാലും കുലുങ്ങാത്ത ചാക്കോ സാറിന് എന്ത് തോമസ് കെ തോമസ്.
തോമസ് കെ തോമസിനെ പാര്‍ട്ടി അധ്യക്ഷനാക്കി പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദ്ദേശം മുതിര്‍ന്ന ദേശീയ നേതാക്കളില്‍ നിന്നും ഉണ്ടായെങ്കിലും അതൊന്നും ചാക്കോസാറിന് സഹിക്കാവുന്ന നിര്‍ദ്ദേശമായിരുന്നില്ല. ഒന്നുകില്‍ മന്ത്രി സ്ഥാനം തോമസ് കെ തോമസിന് നല്കി തലമുതിര്‍ന്ന നേതാവെന്ന നിലയില്‍ എ കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുക.എന്നാല്‍ ഈ രണ്ടു നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ചാക്കോ സാര്‍ തയ്യാറല്ല.ദേശീയതലത്തില്‍ എന്‍ സി പി എന്ന പാര്‍ട്ടിയുടെ ചിഹ്നവും അംഗീകാരവും അജിത്ത് പവാര്‍ വിഭാഗത്തിനാണ്. ഇവിടെ മന്ത്രിയായിരിക്കുന്ന എ കെ ശശീന്ദ്രനും തോമസ് കെ തോമസും യഥാര്‍ത്ഥത്തില്‍ എന്‍ സി പിയുടെ ഭാഗമാണ്.എന്നു പറഞ്ഞാല്‍ ബി ജെ പിയുടെ ഘടകകക്ഷിയായ എന്‍ സി പിയുടെ എം എല്‍ എമാരാണ്. ജനതാദള്‍ എസ് എന്നൊരു മറ്റൊരു പാര്‍ട്ടിയുടെ ഒരു മന്ത്രിയും ഒരു എം എല്‍ എയും ദേശീയ തലത്തില്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമാണല്ലോ. അതുപോലെ എന്‍ സി പിയും എന്‍ ഡി എയുടെ ഭാഗമാണ്.ദേശീയതലത്തില്‍ ശരത് പവാര്‍ മറ്റൊരു പാര്‍ട്ടിയുടെ ഭാഗമാണ്. ആ പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റാണ് പി സി ചാക്കോ എന്ന പഴയ കോണ്‍ഗ്രസ് നേതാവ്.
എം എല്‍ എ മാരായ ശശീന്ദ്രനും തോമസ് കെ തോമസും എന്‍ സി പി ചിന്ഹത്തിലും പാര്‍ട്ടിയുടെ പ്രതിനിധികളായും ആണ് ഇപ്പോള്‍ തുടരുന്നത് എന്നുള്ളതുകൊണ്ടുതന്നെ നിയമപരമായും ധാര്‍മികമായും തല്‍സ്ഥാനത്തു തുടരാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. എന്‍ സി പിക്കാര്‍ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകുമെന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെവന്നാല്‍ എലത്തൂരിലും കുട്ടനാടും വൈകാതെ തന്നെ ഒരു ഉപതിരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തെ പൂര്‍ണ്ണമായും അധികാരത്തില്‍ നിന്നും ഒഴിവാക്കിയെടുക്കാന്‍ അക്കാലത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പി സി ചാക്കോ വഹിച്ച പങ്ക് ഒരു കോണ്‍ഗ്രസ് നേതാക്കളും മറന്നിട്ടില്ല. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തകര്‍ന്നടിഞ്ഞെന്നും ഇനിയൊരിക്കലും തിരിച്ചുവരാന്‍ പറ്റാത്ത നിലയിലേക്ക് കോണ്‍ഗ്രസ് അധ:പതിച്ചെന്നുമായിരുന്നു ചാക്കോ സാര്‍ കേരളത്തിലെ എന്‍ സി പി അണികളെ പറഞ്ഞു വിശ്വസിസിപ്പിച്ചിരുന്നത്. എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയായി മാറിയ സാഹചര്യത്തില്‍ ശരത് പവാര്‍ വിഭാഗത്തിന്റെ ലയന തീരുമാനത്തിന് വീണ്ടും ശക്തിപ്രാപിച്ചിരിക്കയാണ്. ഇതോടെ ആകെ അങ്കലാപ്പിലായിരിക്കയാണ് ചാക്കോ സാര്‍…
കോണ്‍ഗ്രസില്‍ ലയിച്ചാല്‍ പിന്നെ എന്ത് ചെയ്യും ? അജിത് പവാര്‍ വിഭാഗത്തിനൊപ്പം പോകേണ്ടിവരുമോ. അങ്ങിനെയങ്കില്‍ കേരളത്തിലെ ഭരണപങ്കാളിത്തം എന്തു ചെയ്യും, താന്‍ തൊഴില്‍ രഹിതനാവുമോ ? തുടങ്ങിയ നൂറായിരം ചിന്തകളിലാണ് ചാക്കോജി… ഇത്തരം ഒരു ദുരന്താവസ്ഥയില്‍ എത്തുമെന്ന് ചാക്കോ സാര്‍ ഒരിക്കലും കരുതിയിരുന്നതല്ല. എന്തായാലും വനംവകുപ്പിന്റെ നിയന്ത്രണം കൈയ്യിലുള്ളിടത്തോളം സംഗതി കുശാല്‍ തന്നെയാണല്ലോ ചാക്കോ സാറിന്… വെറുതെ അങ്ങ് ദില്ലിയില്‍ പോയി വിയര്‍ക്കേണ്ട കാര്യമില്ലല്ലോ… അതിനാല്‍ ഇപ്പോള്‍ കുമ്പിടിയുടെ വേഷത്തിലാണ് ഇദ്ദേഹം. ഡല്‍ഹിയില്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായും കേരളത്തിലെ പ്രസിഡന്റായും നമുക്ക് ഈ ചാക്കോ ജിയെ കാണാം… എന്തൊരു സൗഭാഗ്യം സാര്‍….