കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തനായ നേതാവാണ് പി.സി ജോർജ്. തന്റെ നാവാണ് ജോർജിന്റെ ഏറ്റവും വലിയ ആയുധം. ആരാണെന്നോ എന്താണെന്നോ പോലും നോക്കാതെയുള്ള പെരുമാറ്റമാണ് എപ്പോഴും ജോർജിന്റെത്. കഴിഞ്ഞദിവസവും അത്തരത്തിൽ ഒരു സംഭവം പൂഞ്ഞാറിൽ തന്നെ അരങ്ങേറി. സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ജോർജും ഏറ്റുമുട്ടിയത്. ജോർജിന്റെ പ്രസംഗത്തിനിടയിലേക്ക് മൈക്കുമായി കടന്നുവന്ന് എംഎൽഎ ഇടപെടുകയായിരുന്നു. അതൊന്നും പറയാനുള്ള വേദിയല്ല ഇതെന്നും എല്ലായിടത്തും പോയി സംസാരിക്കുന്നത് പോലെ ഇവിടെ സംസാരിക്കണ്ടായെന്നും എംഎൽഎ പറഞ്ഞു.
എന്നാൽ തനിക്ക് പറയാനുള്ളത് പറയാൻ മറ്റ് വേദിയില്ലെന്നും അതിനാൽ പറയുമെന്നുമായി ജോർജ്. കഴിഞ്ഞ ദിവസം പത്രത്തിൽ അച്ചടിച്ചുവന്ന ഒരു ചിത്രം കണ്ടപ്പോൾ തനിക്ക് സങ്കടം വന്നെന്ന പരാമർശത്തോടെയാണ് ജോർജ് തുടക്കമിട്ടത്. പഞ്ചായത്ത് ആശുപത്രിയിൽ ഒരു ഡോക്ടറെ നിയമിക്കണമെന്നും അതിന്റെ ചെലവ് പഞ്ചായത്ത് വഹിച്ചുകൊള്ളാമെന്നും കാട്ടി എംഎൽഎയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം കൊടുക്കുന്ന ചിത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോഴാണ് എംഎൽഎ ഇടപെട്ടത്. അത് പറയേണ്ട ഇടം ഇതല്ലെന്നും പഞ്ചായത്ത് ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാർക്ക് പുറമെ ഒരു ഡോക്ടറെ അനുവദിക്കാനാണ് നിവേദനം നൽകിയതെന്നും എംഎൽഎ മറുപടി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ പി സി ജോർജിനോട് കുറച്ചുനാളുകളായി ആളുകൾക്ക് അയിത്തം ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ സംഭവത്തിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ജോർജിന് കൈയ്യടിയാണ്. പ്രദേശത്തെ ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നം എംഎൽഎയെ വേദിയിലിരുത്തി തന്നെ ഉന്നയിച്ചതിനാണ് ജോർജിന് കയ്യടികൾ ലഭിക്കുന്നത്.