തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഉൾപ്പെട്ട ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ കോളേജ് അധ്യാപകരും ഉൾപ്പെടുന്നു. മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗ സംരക്ഷണ വകുപ്പിൽ 74 പേരും ക്ഷേമപെൻഷൻ വാങ്ങി. വിഷയത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.