ചണ്ഡീഗഡ്: പോലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാസംഘാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിമുഖം റെക്കോർഡ് ചെയ്യാൻ സൗകര്യമൊരുക്കിയതിന് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പഞ്ചാബ് സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര വകുപ്പ് സെക്രട്ടറി പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം ഡിഎസ്പി ഗുർഷർ സിംഗ് സന്ധുവിനെ പിരിച്ചുവിടാൻ സർക്കാർ അധികാരം നൽകി. 2023 മാർച്ചിൽ ഒരു സ്വകാര്യ വാർത്താ ചാനൽ ബിഷ്ണോയിയുടെ രണ്ട് അഭിമുഖങ്ങൾ നടത്തിയിരുന്നു. ഗായകൻ സിദ്ധു മൂസ്വാല വധക്കേസിലെ പ്രതികളിലൊരാളാണ് ബിഷ്ണോയി.
രണ്ട് വർഷം മുമ്പ് പഞ്ചാബ് പോലീസിൻ്റെ കസ്റ്റഡിയിലായിരുന്നപ്പോൾ കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും മഹത്വവൽക്കരിക്കുന്ന അഭിമുഖം നടത്തിയെന്ന് പഞ്ചാബ് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അഭിമുഖവുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തിരുന്നു.