ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചിങ് സംവിധാനം പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ശക്തമായ ആയുധമാണ്. മറ്റ് രാജ്യങ്ങളിലേക്ക് വരെ കയറ്റുമതി ചെയ്യുന്ന പിനാകയില്‍ മാറ്റങ്ങള്‍ വരുത്തി പ്രഹരശേഷി കൂട്ടാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ.
ഐഐടി മദ്രാസില്‍ ലഫ്. ജനറല്‍ പി.ആര്. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പിനാകയുടെ ആക്രമണ പരിധി വര്‍ധിപ്പിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവില്‍ പരമാവധി 75 കിലോമീറ്റര്‍ ദൂരത്തേക്ക് പിനാക ഉപയോഗിച്ച് ആക്രമണം നടത്താം.
നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന റോക്കറ്റ് എഞ്ചിന് മാറ്റി തദ്ദേശീയമായി വികസിപ്പിച്ച റാംജെറ്റ് എഞ്ചിന് ഉപയോഗിച്ച് ആക്രമണ പരിധി കൂടാനാകുമോ എന്നതിലാണ് ഗവേഷണം നടക്കുന്നത്. ഇത് സാധ്യമായാൽ ആക്രമണ പരിധി മൂന്നിരട്ടിയായി വര്‍ധിക്കുകയും അതുവഴി 225 കിലോമീറ്റര്‍ ദൂരത്തേക്ക് ആക്രമണം നടത്താനും സാധിക്കും. ഫലമായി ശത്രുകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ കൃത്യമായ ആക്രമണം നടത്താന്‍ സാധിക്കും. ഇത് സൈന്യത്തിന് തന്ത്രപ്രധാനമായ മേല്‍ക്കൈ നല്‍കുകയും ചെയ്യും.
ഗവേഷണം പുരോഗമിക്കുകയാണ്. ഡിആർഡിഒയുടെ ആയുധ ഗവേഷണ വികസന സ്ഥാപനം (എആർഡിഇ) വികസിപ്പിച്ചെടുത്ത മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനമാണ് പിനാക.