കേരളത്തിലെ സിപിഎമ്മിന്റെ അതികായനായ നേതാവായി പിണറായി വിജയൻ മാറിയിരിക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ പിണറായി തന്നെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. പാർട്ടി കമ്മിറ്റിയിൽ തുടരുന്നതിനായി സിപിഎം നിശ്ചയിച്ച പ്രായപരിധിയിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇളവ് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. ഇതോടെ 75 വയസ് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പിണറായി മേൽക്കമ്മിറ്റികളിലെ സ്ഥിരാംഗത്വത്തിൽ നിന്ന് ഒഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ കേരളത്തിലെ ഇടത് മുന്നണിയെ മുന്നിൽ നയിക്കുമെന്നും ഉറപ്പായി.
80 വയസ് കഴിഞ്ഞ പിണറായി വിജയൻ ഇക്കുറി സിപിഎമ്മിൻെറ നേതൃത്വത്തിൽ നിന്ന് ഒഴിയുമെന്നായിരുന്നു പാർട്ടിയിലും പുറത്തുമുളള വലിയൊരു വിഭാഗം കരുതിയിരുന്നത്. ഇളവ് നൽകിയാൽ തന്നെ പിണറായി അത് സ്വീകരിക്കില്ലെന്ന് വിശ്വസിക്കുന്നവരും പാർട്ടിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ചാലും ഭരണം കിട്ടിയാൽ നേതൃത്വം ഏറ്റെടുക്കില്ലെന്നുളള വിശ്വാസവും ഒരുകോണിൽ ഉണ്ടായിരുന്നു. ഇത്തരം എല്ലാ ധാരണകളെയും തിരുത്തുന്നതാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായതിനാലാണ് അദ്ദേഹത്തിൻെറ പരിചയ സമ്പത്തും നേതൃപരമായ കഴിവുകളും പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
തുടർഭരണമെന്ന ചരിത്രനേട്ടം സാധ്യമാക്കിയ പിണറായിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാംതവണയും കേരളത്തിൽ അധികാരം പിടിക്കാനാവുമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇതും പിണറായി വിജയന് ഇളവ് തുടരാനുളള തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഈ ഇളവ് സിപിഎമ്മിലെ മറ്റൊരു മുതിർന്ന നേതാവിനും ഇല്ലെന്നതാണ് ശ്രദ്ധേയം.
സംസ്ഥാന സെക്രട്ടേറിയേറ്റിലെ മുതിർന്ന നേതാക്കളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നീ നേതാക്കൾ ഇപ്പോൾ തന്നെ പ്രായം പിന്നിട്ടവരാണ്. ഈ മൂന്ന് നേതാക്കളും കൊല്ലം സമ്മേളനത്തിൽ സംസ്ഥാനത്തെ ഉയർന്ന ഘടകങ്ങളിൽ നിന്ന് ഒഴിവാകും. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.രാജേന്ദ്രൻ, എൻ.ആർ.ബാലൻ, ഗോപി കോട്ടമുറിക്കൽ, എം.കെ.കണ്ണൻ എന്നീ നേതാക്കളും പ്രായപരിധിയിൽ നിന്ന് ഒഴിയും. കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജന് ഔദ്യോഗിക രേഖകൾ പ്രകാരം മെയ് മാസത്തിലെ 75 വയസ് തികയുകയുളളു. അതുകൊണ്ട് ഇ പി ജയരാജനെ ഒഴിവാക്കുമോ ഇല്ലയോയെന്നത് നിലവിൽ വ്യക്തമല്ല.
പ്രായപരിധി ഇളവ് നൽകുന്നതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി ജി സുധാകരനും പറഞ്ഞു. പ്രായമല്ല യോഗ്യതയാണ് മാനദണ്ഡമാക്കേണ്ടത്. ഇനിയും എനിക്ക് ഒരു പത്തുവർഷം പ്രവർത്തിക്കാനുള്ള ഊർജമുണ്ടായിരുന്നു. പക്ഷേ ഒരു മാനദണ്ഡം കൊണ്ടുവന്നു. ഞാൻ ഒന്നും പറയാതെ മാറിയെന്നും സുധാകരൻ പ്രതികരിച്ചു. പ്രായത്തെക്കാൾ ഉപരി ആവശ്യകതയാണ് പരിഗണിക്കപ്പെടുന്നതെന്ന് പറഞ്ഞ സുധാകരൻ വിഷയത്തിൽ അതൃപ്തി പ്രകടമാക്കുകയും ചെയ്തു.
75 വയസ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് അംഗീകരിച്ചത്.ഇതിലാണ് പിണറായി വിജയന് മാത്രം ഇളവ് നൽകുന്നത്. അതേസമയം, ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് തന്റെ പാർട്ടി ഉറപ്പായും അധികാരത്തിൽ എത്തുമെന്നും മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും എന്നുമാണ് പിണറായി വിജയന്റെ മറുപടി.
സിപിഎമ്മിന്റെ ലോക്കൽ ഏരിയ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ജില്ലാ സമ്മേളനത്തിലേക്ക് എത്തിയപ്പോൾ എല്ലാവരും പിണറായി വിജയനെ തന്നെ അനുകൂലിക്കുന്ന സാഹചര്യമാണ് കണ്ടത്. തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും ഇല്ലാതെയാക്കുവാൻ പിണറായി വിജയന് സാധിച്ചു. പാർട്ടിയുടെ മുഴുവൻ ജില്ലാ നേതൃത്വങ്ങളെയും തീരുമാനിച്ചത് ഏറെക്കുറെ പിണറായി വിജയൻ തന്നെയാണെന്ന് പറയാം. അനിഷ്ടക്കാരെ എല്ലാം പടിക്കു പുറത്തു നിർത്തുവാനും പാഠം പഠിപ്പിക്കുവാനും പിണറായിയുടെ നേതൃത്വത്തിന് കഴിഞ്ഞു.
പിണറായിക്കെതിരെ വാളെടുത്തവരെല്ലാം വഴിമാറി സഞ്ചരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. തനിക്കെതിരെ ഉയർന്നുവന്ന എല്ലാ വിമത സ്വരങ്ങളെയും ഇല്ലാതാക്കിയാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനം തേടിയുള്ള പിണറായി വിജയന്റെ സഞ്ചാരം. സിപിഎം എന്നു പറഞ്ഞാൽ പിണറായി മാത്രമാകുന്ന കാലത്ത് ആരെങ്കിലും ആ വിഗ്രഹത്തിനെതിരെ രംഗത്ത് വരുമെന്ന് കരുതുന്നുണ്ടെങ്കിൽ ഇനിയത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. അതേസമയം പിണറായിയെ ഇനി ജനം എത്രകണ്ട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.