ഏറെ നാളുകളായി സിപിഎം നേതൃത്വവും മുൻ എംഎൽഎ പി കെ ശശിയും തമ്മിലുള്ള തർക്കങ്ങൾ അവസാനിക്കാതെ തുടരുകയായിരുന്നു. ഇപ്പോഴിതാ പാർട്ടിയുടെ ഇന്നത്തെ പ്രവർത്തന രീതികളോട് ശക്തമായ ഭാഷയിൽ തുറന്നടിച്ചിരിക്കുകയാണ് അദ്ദേഹം. പുതുവർഷത്തലേന്ന് കടുത്ത വിമർശനമാണ് ശശി പാർട്ടിക്കെതിരെ ഉയർത്തിയിരിക്കുന്നത്. 2024 പ്രതിസന്ധിയുടെ കാലമെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ കുറിപ്പ് സിപിഎമ്മിനുള്ള പുതുവർഷത്തെ ആദ്യ പ്രഹരമായി മാറുകയാണ്. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു കഴിഞ്ഞുപോയതെന്ന് അദ്ദേഹം മടികൂടാതെ പറയുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. മദ്യവും അതിന് മുകളിൽ കഞ്ചാവുമടിച്ച് ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നുവെന്ന തുറന്നുപറച്ചിൽ യു പ്രതിഭ എംഎൽഎയ്ക്കെതിരായ ഒളിയമ്പാണ്. ദിവസങ്ങൾക്കു മുമ്പ് എംഎൽഎയുടെ മകനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഭരണപക്ഷ എംഎൽഎയുടെ കഞ്ചാവുമായി പിടികൂടിയത് സംസ്ഥാനത്തെ എക്സൈസ് സേന തന്നെയായിരുന്നു. ഇത് സിപിഎമ്മിന് നൽകിയ ക്ഷീണം ചെറുതൊന്നും ആയിരുന്നില്ല. എംഎൽഎയും പാർട്ടിയും ന്യായീകരണവും പ്രതിരോധവും സൃഷ്ടിക്കുമ്പോഴാണ് ശശിയുടെ വിമർശനം പുറത്തുവരുന്നത്.
ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ച് പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷമെന്ന സന്ദേശം ഉന്നത നേതാക്കൾക്കുള്ള ശശിയുടെ താക്കീതാണ്. അതിൽ ഒരുപക്ഷേ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ തൊടുതൊട്ടപ്പന്മാർ വരെയുണ്ടാകും.ശത്രുവിന്റെ ആയുധത്തിന് മുന്നിൽ അല്ലാതെ അവരുടെ അലർച്ചക്ക് മുൻപിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാമെന്നും കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ശശി തന്റെ സാമൂഹ്യ മാധ്യമ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിശ്വകവി ടാഗോറിന്റെ ‘എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം’ എന്ന വരികളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കുറിപ്പിൽ ഉടനീളം ഒറ്റുകാർക്കെതിരെയും ചതിയന്മാർക്കെതിരെയും രൂക്ഷമായ ഭാഷ തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. സിപിഎമ്മുമായി ഏറെക്കാലമായി അകലം സൂക്ഷിക്കുന്ന ശശി കോൺഗ്രസിലേക്ക് ചുവടു മാറുന്നുവെന്ന സൂചനക്ക് ആക്കം കൂട്ടുന്നതാണ് സാമൂഹ്യ മാധ്യമ കുറിപ്പ്. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശമായ മണ്ണാർക്കാടും ഒറ്റപ്പാലം ഷോർണൂർ മണ്ഡലങ്ങളിലും ശശി ഒരു നിർണായക ശക്തി തന്നെയാണ്. സിപിഎം വിട്ട് കോൺഗ്രസിലേക്ക് അദ്ദേഹം എത്തിയാൽ ഈ മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസിന് അത് നൽകുന്ന ഊർജ്ജം വളരെ വലുതാകും. ജില്ല ഒട്ടാകെയും അദ്ദേഹത്തിന് രാഷ്ട്രീയത്തിനും അപ്പുറം ഒട്ടേറെ വ്യക്തി ബന്ധങ്ങൾ ഉണ്ട്. സിപിഎമ്മിന് ആകട്ടെ ജില്ലയിൽ ഇതിലും വലിയ തിരിച്ചടി നേരിടാനും ഇല്ല. ഏതായാലും ശശിയുടെ നീക്കങ്ങളെ ജാഗ്രതയോടെ ആകും സിപിഎം നേതൃത്വം നോക്കിക്കാണുക. വിവിധ സ്ഥാനങ്ങളിൽ നിന്നും നീക്കിയതായിരുന്നു ഇപ്പോൾ അദ്ദേഹത്തെ ചൊടിപ്പിച്ചത്.
സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് തുടങ്ങിയ പദവികളിൽ നിന്നായിരുന്നു അദ്ദേഹത്തെ നീക്കിയത്. അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി പദവികളിൽനിന്നു പി.കെ.ശശിയെ ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസിൽ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്തുവന്നിരുന്നു. ഇതും നടപടിക്ക് കാരണമായി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പ്രചാരണ രംഗത്ത് ഇല്ലായിരുന്നു. അന്ന് വിദേശയാത്രയ്ക്ക് ശശിക്ക് നേതൃത്വം അനുമതി നൽകിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാലക്കാട്ടെ പ്രവർത്തനത്തിന്റെ മുൻനിരയിലുള്ള ശശിയെ ഇക്കുറി എവിടെയും ഇറക്കിയില്ല. പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങളേക്കാൾ, പാർട്ടിക്കകത്തെ സംഭവവികാസങ്ങളാണ് ഇന്ന് സിപിഎമ്മിന് തലവേദനയാകുന്നത്.
മുഖ്യമന്ത്രിക്കെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും സ്വന്തം പക്ഷത്തുള്ളയാൾ ഉന്നയിച്ച ആക്ഷേപങ്ങളെ നേരിടുക സിപിഎമ്മിന് എളുപ്പമല്ല. പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയോടെ സിപിഎമ്മിനുള്ളിൽ തർക്കങ്ങൾ കെട്ടടങ്ങുമെന്ന് പറഞ്ഞവർക്ക് മുന്നിലേക്കാണ് ശശിയുടെ സാമൂഹ്യ മാധ്യമ കുറിപ്പ് വരുന്നത്. അദ്ദേഹത്തിന്റെ വിമർശനങ്ങളെയും നാളെകളിൽ സ്വീകരിക്കാനിരിക്കുന്ന രാഷ്ട്രീയ നിലപാടുകളെയും നേതൃത്വം എങ്ങനെ നോക്കിക്കാണുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്