മൂന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പുനടക്കുന്ന കാലം. ഓഫീസ് കുറച്ചുവൈകി അടച്ചാല്‍ മതിയെന്ന ജില്ലാ ഭാരവാഹിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ഓഫീസ് സെക്രട്ടറി വൈകിയും പാര്‍ട്ടി ഓഫീസിലുണ്ടായിരുന്നു. ഇതേ സമയം പാര്‍ട്ടി ഓഫീസിനുമുന്നില്‍ ഒരു പിക്കപ്പ് വാന്‍ വന്നു നിന്നു.
അതില്‍ നിന്നും ആറു ചാക്കുകെട്ടുകള്‍ ചിലര്‍ചേര്‍ന്ന് താഴേക്ക് ഇറക്കിവെച്ചു. വൈകാതെ ആ ആറ് ചാക്കുകെട്ടുകളും ഓഫീസിനുള്ളിലേക്ക് മാറ്റി. തിരഞ്ഞെടുപ്പുകാലമായതിനാല്‍ സ്ലിപ്പുകളും പോസ്റ്ററുകളും മറ്റുമെന്നായിരുന്നു പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസിലെ മറ്റുള്ളവരും കരുതിയിരുന്നത്.
ചാക്കുകെട്ടുകളുമായി ഒപ്പം എത്തിയത് കോഴിക്കോട് സ്വദേശിയായ ധര്മ്മരാജന്. ഒപ്പം നാലു കിങ്കരന്മാരും. സാധാപാര്ട്ടി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പരിചയമുള്ള ആളുകളായിരുന്നില്ല. എന്നാല്‍ ധര്‍മ്മരാജനെ കണ്ടാല്‍ തിരിച്ചറിയുന്ന ഒരാള്‍ ആ ഓഫീസിലുണ്ടായിരുന്നു. അത് ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷായിരുന്നു.
ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 20 ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ധര്മ്മരാജന് തൃശ്ശൂര്‍ ബി ജെ പി ഓഫീസില്‍ എത്തിയിരുന്നു. അന്ന് പാര്‍ട്ടി ആസ്ഥാനത്ത് ഒരു പ്രമുഖനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കെ സുരേന്ദ്രന്. അതേ, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ.
കോഴിക്കോട്ടുകാരനായ ആര് എസ് എസ് പ്രവര്ത്തകന്, അതേ ധര്‍മ്മരാജനാണ് ചാക്കു കെട്ടുകളുമായി എത്തിയിരിക്കുന്നത്. വന്നത് സാധാ ഒരു ആര് എസ് എസ് പ്രവര്‍ത്തകനല്ലെന്ന് സതീഷിന് വ്യക്തമായിരുന്നു. കാരണം ഈ സംഘത്തിന് ആ രാത്രിയില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കാനും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു, ഇതു പ്രകാരം ഹോട്ടലില്‍ മുറി ബുക്കു ചെയ്യാന്‍ പോയതും സതീഷായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എത്തിയതായിരുന്നു അന്ന് സംസ്ഥാന അധ്യക്ഷന്‍. അതിനാല്‍ പാര്‍ട്ടി ഓഫീസില്‍ ജില്ലാ അധ്യക്ഷനും മറ്റ് ഭാരവാഹികളും സന്നിഹിതരുമായിരുന്നു. അവര്‍ ധര്‍മ്മരാജനുമായി ഏറെനേരം രഹസ്യ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് പിരിഞ്ഞത്.
പിന്നീട് ധര്‍മ്മരാജനെ സതീഷ് കാണുന്നത് കുറച്ച് നാളുകള്‍ക്ക് ശേഷമാണ്. ചാക്കുകെട്ടുകളുമായി എത്തിയ വ്യക്തിക്ക് താമസസൗകര്യം ഏര്പ്പെടുത്തിക്കൊടുക്കണമെന്ന നിര്‍ദ്ദേശം മുകളില്‍ നിന്നും ലഭിച്ചതിനാല്‍ തൃശ്ശൂര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു.
സ്വാഭാവികമായും പാര്‍ട്ടി ഓഫീസിലേക്ക് വന്ന ചാക്കുകെട്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ചുമതല ഓഫീസ് സെക്രട്ടറിക്കായിരുന്നു. ആ ഓഫീസ് സെക്രട്ടറിയുടെ പേരാണ് തിരൂര്‍ സതീഷ്. ആ സതീഷ് എന്ന ബി ജെ പി ക്കാരന് കഴിഞ്ഞ ദിവസം ഒരു രഹസ്യം വെളിപ്പെടുത്തി, അന്ന് പാര്‍ട്ടി ഓഫീസിലെത്തിയ ആറു ചാക്കുകളിലും നോട്ടുകെട്ടുകളായിരുന്നത്രേ. യെസ്, അനധികൃതമായി സൂക്ഷിച്ച ഇന്ത്യന്‍ കറന്‍സി, അതിനെ നമ്മള് ഓമനപ്പേരിട്ടു വിളിക്കുന്നപേരാണ് കുഴല്‍പ്പണം.
പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു
അന്ന് കൊടകരയില്‍ നിന്നും മോഷ്ടിക്കപ്പെട്ട കുഴല്‍പ്പണം ബി ജെ പിക്കുവേണ്ടി കൊണ്ടുവന്നതാണെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അന്ന് കെ സുരേന്ദ്രനെ കാണാനായി എത്തിയ ധര്‍മ്മരാജനാണ് കോടികളുമായി വന്നതെന്നാണ് ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്നത്.
ആറു ചാക്കുകളില്‍ എത്തിയത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമായിരുന്നു. ഇത് വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് രാത്രി പണച്ചാക്കിന് കാവല്‍ നിന്ന തിരൂര്‍ സതീഷ്. കോടികള്‍ ആ ചാക്കില്‍ ഉണ്ടായിരുന്നുവെന്നും, 500 രൂപയുടെ നോട്ടുകളായിരുന്നു അതിലുണ്ടായിരുന്നത് എന്നുമാണ് വെളിപ്പെടുത്തലുള്ളത്.
ഏപ്രില്‍ മൂന്നിനാണ് പണവുമായി പോവുകയായിരുന്ന വാഹനത്തിന് തൃശ്ശൂര്‍ കൊടകരയില്‍ വച്ച് അപകടം വരുത്തി മൂന്നര കോടിയോളം രൂപ തട്ടിയെടുത്തത്. വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ബി ജെ പി പ്രവര്‍ത്തകനായ ധര്‍മ്മരാജനും ഡ്രൈവര്‍ ജംഷീറും ചേര്‍ന്ന് കൊടകര പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
ഒരു കുഴല്‍പ്പണക്കേസ് എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിന്റെ തുമ്പ് അന്വേഷിച്ചുപോയ പൊലീസ് ഞെട്ടി, ഇതിനുപിന്നില്‍ വന്‍ സംഘമാണെന്നും ബി ജെ പി യുടെ ഉന്നതനേതാക്കള്‍ അകപ്പെട്ടെന്നുമാണ് വ്യക്തമായത്. കേരളത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് കാലമായിരുന്നു. പോരാത്തതിന് കൊവിഡ് കാലവും. പൊലീസ് ആദ്യം കേസിന്റെ വിവരങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
രജ്ഞിത്ത്, ദീപക്, മാര്ട്ടിന്, ബാബു തുടങ്ങിയ പ്രതികളെ പൊലീസ് ഇതിനകം അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പണം എവിടെ നിന്ന് വന്നു, ആര്‍ക്കുവേണ്ടി വന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നര കോടി രൂപയാണ് സംഘം തട്ടിയെടുത്തതെന്നായിരുന്നു പൊലീസ് ഭാഷ്യം.
ബി ജെ പിയുടെ ഉന്നത നേതാക്കള്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നായിരുന്നു അക്കാലത്ത് ഉയര്‍ന്ന ആരോപണം. പൊലീസ് ചിലരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്യാനുള്ള നീക്കം നടന്നതോടെ ബി ജെ പി കടുത്ത പ്രതിരോധത്തിലായി. ആലപ്പുഴയിലെ ഉന്നതരായ ചില ബി ജെ പി നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയും പുറത്തുവന്നു.
ഭഗവാന് മുരുകന്റെ നാണയവുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്
കൊടകര കുഴല്‍പ്പണം തട്ടിപ്പുകേസില്‍ ഒന്‍പതുപേരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഒന്നര കോടിയോളം രൂപയാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തതും. നഷ്ടപ്പെട്ടുവെന്ന് പറയപ്പെട്ട രണ്ടു കോടി രൂപ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടന്നിരുന്ന ഗുണ്ടാ സംഘമായിരുന്നു പണം തട്ടിപ്പുകേസില്‍ പിടിയിലായത്.
ബിസിനസ് ആവശ്യത്തിനായി ഡല്‍ഹിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് പിന്നീട് പരാതിക്കാരനും ആര് എസ് എസ് പ്രവര്‍ത്തകനുമായ ധര്മ്മരാജന് ഇരിഞ്ഞാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായപ്പോള്‍ പറഞ്ഞത്. താന്‍ ബിസിനസുകാരനാണ് എന്നും ഒരു കോടിക്ക് വ്യക്തമായ സ്രോതസ് ഉണ്ടെന്നുമായിരുന്നു ധര്മ്മരാജന് വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
തന്റെ നഷ്ടപ്പെട്ട പണം കോടതിയുടെ കസ്റ്റഡിയിലാണെന്നും ഈ പണം വിട്ടുകിട്ടണമെന്നതുമായിരുന്നു ധര്‍മ്മരാജന്റെ ആവശ്യം. ഇതോടെ, തെരഞ്ഞെടുകാലത്ത് തൃശ്ശൂരിലെത്തിയ കള്ളപ്പണമാണ് കൊടകരയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടതെന്ന ആരോപണത്തിലൂടെ തല്‍ക്കാലത്തേക്ക് ബി ജെ പി നേതൃത്വം രക്ഷനേടുകയായിരുന്നു.
ബി ജെ പി ഏറെ പ്രതിരോധത്തിലായ കൊടകര കള്ളപ്പണകേസ് പിന്നീട് ആവിയായി പോവുന്ന കാഴ്ചയാണ് കേരളം കണ്ടത്. ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന പണത്തിന് രേഖകളുണ്ടെന്ന വെളിപ്പെടുത്തലോടെ പൊലീസും ഈ കേസില്‍ വെള്ളം ചേര്‍ത്തു.
സി പി ഐ എം – ബി ജെ പി അന്തര്‍ധാരയുടെ പേരിലായിരുന്നു കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം തേച്ചുമായ്ച്ചുകളഞ്ഞതെന്നായിരുന്നു ആരോപണം. കൊടകര കേസില്‍ ഇ ഡി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല.
കേരളത്തില്‍ കോടികളുടെ കള്ളപ്പണം തെരഞ്ഞെടുപ്പില്‍ ഒഴുക്കിയെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റേതായി പുറത്തുവന്നിരിക്കുന്ന പ്രതികരണം. എന്നാല്‍ സി പി ഐ എം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് കോടികളുടെ കള്ളപ്പണം ഒഴുകിയെന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കേസില്‍ അട്ടിമറി നടക്കാന്‍ കാരണമെന്ന് സി പി ഐ എമ്മിന്റെ ഉന്നത നേതാവുതന്നെ സമ്മതിക്കുന്നതാണ് ഈ പ്രതികരണം.
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ബി ജെ പിയേയും സംസ്ഥാന പൊലീസിനെയും ഒരു പോലെ വെട്ടിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് കാലത്ത് കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയിലേക്ക് വന്നത് ബി ജെ പിക്ക് പാലക്കാട് തിരിച്ചടിയുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ആരോപണം അടഞ്ഞ അധ്യായമാണെന്ന പ്രതികരണമാണ് കെ സുരേന്ദ്രനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പൂരം കലക്കല്‍ ആരോപണവും മറ്റും സജീവമായി നില്‍ക്കുകയും കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ഉയര്‍ന്നുവരികയും ചെയ്തതോടെ കടുത്ത പ്രതിരോധത്തിലാണ് ബി ജെ പി.