പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.
അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന് അഖില്‍ സജീവ് പറഞ്ഞു. അറസ്റ്റിലായ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും അമ്മുവിന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം പറയുന്നത്. ഇതെക്കുറിച്ച് കുടുംബം പൊലീസിന് വിശദമായ മൊഴി നല്കി. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.