വത്തിക്കാൻ: കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. രക്തപരിശോധനയിലാണ് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിച്ചത്.
എന്നാൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധയുള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ഇരു ശ്വാസകോശത്തിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.അതേസമയം ചികിത്സയിൽ കഴിയുന്നതിനിടെ ലോകത്തിന് നന്ദിയറിയിച്ച് മാർപാപ്പ കുറിപ്പ് പങ്കുവച്ചിരുന്നു.