കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സിപിഐഎം നേതാവ് പി പി ദിവ്യ ജയില്‍ മോചിതയായി. തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ദിവ്യയ്ക്ക് ജയില്‍ മോചനം സാധ്യമായത്. 11 ദിവസമാണ് ദിവ്യയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. കേസില്‍ തന്റെ നിലപാട് ആവര്‍ത്തിക്കുന്ന പ്രതികരണമാണ് ജയിലിന് പുറത്തിറങ്ങിയ ദിവ്യ നടത്തിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഖമുണ്ടെന്ന് ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുബം ആഗ്രഹിക്കുന്നത് പോലെ വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണം. നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അവസരം കോടതിയില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിവ്യ പ്രതികരിച്ചു.
ഉദ്യോഗസ്ഥരും എതിര് രാഷ്ട്രീയക്കാരും ഉള്‍പ്പെടെ എല്ലാവരുമായി സഹകരിച്ച് പോകുന്ന ആളാണ് താന്‍. സദുദ്ദേശപരമായി മാത്രമേ ഏത് ഉദ്യോഗസ്ഥനോടും സംസാരിക്കാറുള്ളു. ഇപ്പൊഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ ഭാഗം കോടതിയില്‍ പറയുമെന്നും ദിവ്യ വ്യക്തമാക്കി.
സ്ത്രീ എന്ന പ്രത്യേക പരിഗണന നല്‍കിയാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. അസുഖബാധിതനായ പിതാവ്, കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കും എന്നിവയും കോടതി പരിഗണിച്ചു. ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.